അഴിമതി നടത്താന്‍ സിപിഎം വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുന്നു: രമേശ് ചെന്നിത്തല
Saturday, December 14, 2024 1:18 AM IST
കോഴിക്കോട്: മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറാണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടിനൽകാനുള്ള സർക്കാർ നീക്കത്തിൽ വ്യവസായ മന്ത്രിക്കു മറുപടിയുമായി രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ ആണ് കാർബൊറാണ്ടം കമ്പനിക്കു നൽകിയത്.
കമ്പനിക്കു കരാർ നീട്ടിനൽകുന്നത് അഴിമതിയാണ്. ധാരണാപത്രം പാലിച്ചിട്ടില്ല. കെഎസ്ഇബിക്കു പദ്ധതി കൈമാറണം എന്ന് വൈദ്യുതി ബോർഡ് നൽകിയ കത്തിന്റെ പകർപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. താന്‍ കാര്യങ്ങള്‍ പഠിച്ചിട്ടാണു പറയുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാരേഖകളുമുണ്ട്.
എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതു പറയാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിനു കൈമാറണം എന്നാണു ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും.
21 ദിവസം മുൻപ് ഇതിനു കമ്പനിക്കു നോട്ടീസ് കൊടുക്കണം. ആ നോട്ടീസ് സർക്കാർ കൊടുത്തിട്ടില്ല. ഈ കമ്പനിക്ക് 25 വർഷംകൂടി കൊടുക്കുന്നത് അഴിമതിയാണെന്നു ചെന്നിത്തല വിമർശിച്ചു. കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കമ്പനിയുമായുള്ള 91ലെ കരാറിൽ, കരാർ പുതുക്കിക്കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല.
വെള്ളപ്പൊക്കമുണ്ടായ സമയത്ത് ഒരു നാശനഷ്ടവും കമ്പനിക്ക് ഉണ്ടായിട്ടില്ല. നാശനഷ്ടം ഉണ്ടായെങ്കിൽ ഇൻഷ്വറൻസ് ഇല്ലേ, അത് ഈടാക്കാമല്ലോയെന്നും ചെന്നിത്തല പറഞ്ഞു. വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുത്തിയാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന വൈദ്യുതി മന്ത്രി ആ സ്ഥാനത്ത് തുടരണോയെന്ന് ചെന്നിത്തല ചോദിച്ചു. വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്നു. കേരളത്തിൽ 12 ജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
മണിയാറിൽ കരാർ നീട്ടിക്കൊടുത്താൽ മറ്റുള്ളവർക്കും നീട്ടിക്കൊടുക്കേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്കി.
മണിയാർ കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്നു രേഖകൾ
കോഴിക്കോട്: മണിയാർ കരാർ കാർബൊറാണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടിനൽകാനുള്ള സർക്കാർ നീക്കം കെഎസ്ഇബിയുടെ എതിർപ്പ് മറികടന്നെന്നു രേഖകൾ.
കരാർ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉത്പാദന നഷ്ടമെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കരാർ പുതുക്കുന്നത് സർക്കാർ താത്പര്യത്തിനു വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കെഎസ്ഇബി സമർപ്പിച്ച റിപ്പോർട്ടാണു പുറത്ത് വന്നത്. പ്രളയകാലത്തും മണിയാറിൽ സാധാരണ ഉത്പാദനം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. കാർബൊറണ്ടം കമ്പനിയുമായി കരാർ നിലവിൽ വന്നത് 1991 മേയ് 18നാണ്. 2024ൽ പദ്ധതി തിരിച്ചു സമർപ്പിക്കണമെന്നാണ് കരാർ.
പദ്ധതിയിൽ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകൾ ഒന്നും കെഎസ്ഇബിക്ക് നൽകിയില്ല.കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പദ്ധതിയിൽ അധിക നിക്ഷേപം നടത്താൻ കരാർ പ്രകാരം സാധിക്കില്ല.
അങ്ങനെ ചെയ്താൽ അതു കരാർ വ്യവസ്ഥയുടെ ലംഘനമാണ്. ഈ കരാർ നീട്ടിനൽകിയാൽ ബിഒടി വ്യവസ്ഥയിൽ നിർമിച്ച മറ്റ് കമ്പനികൾ ഇതേ ആവശ്യം ഭാവിയിൽ ഉന്നയിക്കുമെന്നു കെഎസ്ഇബി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു.
മണിയാറിൽ 2018 ലെ പ്രളയത്തിൽ ഉത്പാദന നഷ്ടം ഉണ്ടായിട്ടില്ലെന്നും 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രം നേരിയ നഷ്ടം ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. കരാർ കാലാവധി കാലത്തെ നഷ്ടത്തിനു സർക്കാരിന് ബാധ്യതയില്ലെന്നാണ് കെഎസ്ഇബി നിലപാട്. കരാർ അനുസരിച്ച് ഇൻഷ്വറൻസ് സംരക്ഷണമുണ്ട്.
നഷ്ടം നികത്താൻ സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.