കേരള വന നിയമ ഭേദഗതി ബില്‍ 2024 ജനദ്രോഹപരം: ഇന്‍ഫാം
Saturday, December 14, 2024 1:18 AM IST
കൊച്ചി: കേരള വനംവകുപ്പിന്റെ വന നിയമ ഭേദഗതി ബില്‍ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1961ലെ കേരള ഫോറസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
നിലവിലുള്ള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 52ലും 63ലും ആണ് പ്രധാനമായും പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളായി രംഗത്തിറങ്ങുമെന്ന് ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് പറഞ്ഞു.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ മാത്യു മാമ്പറമ്പില്‍, ജോയി തെങ്ങുംകുടി, സി.യു. ജോണ്‍, ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.