ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം കോട്ടയം എസ്പിക്ക് അന്വേഷണച്ചുമതല
Friday, November 15, 2024 2:15 AM IST
തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അന്വേഷിക്കാൻ നിർദേശം.
കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസ് മേധാവി നൽകിയിട്ടുള്ള നിർദേശം. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് നൽകാനും ഡിജിപി നിർദേശിച്ചു.
തന്റെ ആത്മകഥയായ "കട്ടൻചായയും പരിപ്പുവടയും-ഒരു കമ്യൂണിസ്റ്റിന്റെ ജീവിത'വുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജയരാജൻ ഡിജിപിക്കു പരാതി നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പുദിവസത്തെ പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയിൽ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
ആത്മകഥയുടെ പേര്, കവർ പേജ് ഇവയെക്കുറിച്ച് തീരുമാനമായിരുന്നില്ല. ആത്മകഥ പൂർത്തീകരിച്ചില്ല.
വ്യാജരേഖ, ഗൂഢാലോചന എന്നിവയെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കാൻ ജയരാജനുമായി ഡിസി ബുക്സ് കരാറുണ്ടാക്കിയിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടാകും.
ജയരാജന്റെ പരാതിയിൽ ഡിസി ബുക്സിന്റെ പേരില്ലെന്നാണു സൂചന. പരാതിയിൽ കഴന്പുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് എസ്പിക്കുള്ള നിർദേശം. ആത്മകഥയുടെ മറവിൽ വ്യാജരേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്.
ആത്മകഥ എഴുതിക്കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഇ.പി. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നത്.
കൂടുതൽ വിശദീകരിക്കാനില്ലെന്ന് രവി ഡിസി
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി.
പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തിനിടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രവി ഡിസി.
പുസ്തകം താന്‍ എഴുതി ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ. പി. ജയരാജന്റെ വാദങ്ങളെ ഡിസി ബുക്സ് തള്ളുന്നില്ല. തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍വാഹകര്‍ മാത്രമാണ്. തങ്ങള്‍ പൊതുപ്രവര്‍ത്തകരല്ല. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതിനാല്‍ കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും രവി ഡിസി കൂട്ടിച്ചേര്‍ത്തു.