ശബരിമല സർവീസ്: ഫിറ്റ്നസ് ഇല്ലാത്ത ബസുകള്‍ കെഎസ്ആര്‍ടിസി ഉപയോഗിക്കരുതെന്നു ഹൈക്കോടതി
Friday, November 15, 2024 2:14 AM IST
കൊച്ചി: ശബരിമല മണ്ഡലകാലത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ബസുകള്‍ പമ്പ സര്‍വീസിനായി കെഎസ്ആര്‍ടിസി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി.
കൃത്യത ഉറപ്പാക്കാന്‍ സിസിടിവി വഴി നിരീക്ഷണം നടത്തണമെന്നും തീർഥാടകരെ ബസില്‍ നിര്ത്തിക്കൊണ്ടുപോകരുതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
മണ്ഡലകാലത്ത് ക്ഷേത്രം 18 മണിക്കൂര്‍ തുറന്നിരിക്കുമെന്നും ഇക്കാര്യത്തില്‍ തന്ത്രിയുടെ അനുമതി ലഭിച്ചിട്ടുള്ളതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ളമടക്കം വിതരണം ചെയ്യും. സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബുക്ക് ചെയ്യാതെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്നും ബോര്‍ഡ് അറിയിച്ചു. പരമ്പരാഗത പാതയിലൂടെ വരുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി വനംവകുപ്പ് അറിയിച്ചു. വെള്ളം തടസമില്ലാതെ ലഭ്യമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് വാട്ടര്‍ അഥോറിറ്റിയും വ്യക്തമാക്കി.
ബുക്ക് ചെയ്യാതെ വരുന്ന തീർഥാടകരെയടക്കം എങ്ങനെയാണു നിയന്ത്രിക്കാനാകുകയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.