ഡിസിഎൽ ബാലരംഗം
Friday, November 15, 2024 2:13 AM IST
കൊച്ചേട്ടന്റെ കത്ത്
കുഞ്ഞാറ്റയിൽ വിരിയുന്ന ചേച്ചിപ്പൂക്കൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കുഞ്ഞാറ്റയാണ് അമ്മയോടു പറഞ്ഞത്, ചേച്ചിപ്പൂക്കളെ വീഡിയോകോൾ വിളിച്ചു തരാൻ. ആദ്യം അമ്മയ്ക്ക് മനസിലായില്ല. നാലു വയസുകാരി കുഞ്ഞാറ്റ "ചേച്ചിപ്പൂക്കൾ' എന്നു വിളിക്കുന്നത് അവളുടെ പിതൃസഹോദരന്റെ പുത്രി അഞ്ചാംക്ലാസുകാരി എയ്ഞ്ചൽ റോബർട്ടിനെ ആണെന്ന് പിന്നീടാണെല്ലാവർക്കും മനസിലായത്. ചേച്ചിപ്പൂക്കളുടെ, കുഞ്ഞാറ്റയുടെ ശരിയായ പേര് ആൻ ഗ്രേസ് ഗിൽബർട്ട് എന്നാണ്. ചേച്ചിപ്പൂക്കൾക്ക് സഹോദരങ്ങളായി എപ്പിക്കുട്ടൻ, ഗോപ്പിക്കുട്ടൻ, എപ്പേട് തുടങ്ങിയവരുണ്ട്. കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ ഒരു കുഞ്ഞുവാവയുമുണ്ട്.
കുഞ്ഞാറ്റയ്ക്കും ചേച്ചിപ്പൂക്കൾക്കും പിതൃ-മാതൃ സഹോദരങ്ങളായി എച്ചുക്കുട്ടനും ഹെച്ചുക്കുട്ടനും മരിയച്ചേച്ചിയും മരീനച്ചേച്ചിയും ഉണ്ട്. ഈ പറഞ്ഞ പേരുകളൊന്നും സ്കൂൾ രജിസ്റ്ററിൽ ഉള്ള പേരുകളല്ല. ""ഹലോ മിസ്റ്റർ എഡ്വേർഡ് റോബർട്ട്'' എന്നല്ല, ഒന്നാംക്ലാസുകാരന് അമ്മ വിളിച്ചുകേൾക്കാൻ ഇഷ്ടം. പകരം എപ്പേടേ എന്നു തന്നെയാണ്. എയ്ഞ്ചൽ അമ്മയ്ക്കു കുഞ്ഞിപ്പെണ്ണാകുന്നതും അങ്ങനെതന്നെയാണ്.
പ്രിയ കുട്ടുകാരേ, ഭാരതം മുഴുവൻ ശിശുദിനം ആഘോഷിച്ചതേയുള്ളൂ. എല്ലാ മനുഷ്യരും ആയുസു മുഴുവൻ ഓമനിക്കുന്ന ശിശുത്വം എന്ന മാലാഖക്കാലത്തിന്റെ ഓർമ്മകൾ, ചാച്ചാജിയുടെ ഓർമ്മയുടെ വീണ്ടെടുപ്പിലൂടെ വീണ്ടും പങ്കുവയ്ക്കപ്പെട്ടു.
ഓമനത്തം നിറഞ്ഞ ബാല്യകാലത്തിന്റെ ഓർമ്മകൾ ഊറിനിൽക്കുന്നത് നമ്മുടെ ഓമനപ്പേരുകളിലാണ്. നമ്മുടെ ബാല്യംമുതൽ, നമ്മെ സ്നേഹമുള്ളവർ വിളിച്ചിരുന്ന ഓമനപ്പേരുകൾ നമ്മൾ വലുതാകുന്പോൾ ഒട്ടൊക്കെ ജാള്യതയോടെയും ലജ്ജയോടെയുമൊക്കെയാണ് നമ്മിൽ പലരും ഓർത്തെടുക്കുന്നത്.
മറ്റുള്ളവർ കേൾക്കുന്പോൾ, അർത്ഥശൂന്യമെന്നു തോന്നുന്ന, ചില പദങ്ങൾ നമ്മെ ഏറെ സ്നേഹിച്ചിരുന്നവരുടെ സ്നേഹപദങ്ങളായാണ് നമ്മിൽ പതിഞ്ഞിരിക്കുന്നത്.
ചക്കര, പഞ്ചാര, തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരിലാണ് നമ്മിൽ പലരും വിളിക്കപ്പെട്ടിട്ടുള്ളത്. അത്രയേറെ മധുരമുള്ള സ്മരണകളാണ് നമ്മൾ അതു വിളിക്കുന്നവർക്കു നൽകുന്നത് എന്നാണതിന്റെ അർത്ഥം.
ശരിയായ പേരുകളുടെ ആദ്യഭാഗമോ അവസാന ഭാഗമോ മാത്രം വിളിക്കുന്നതും കേൾക്കാറുണ്ട്. കുട്ടൻ, ഉണ്ണി, വാവ, തക്കുടു, തുടങ്ങി ഓമനപ്പേരുകളുടെ പ്രളയംതന്നെയുണ്ട്, നമ്മുടെ വീട്ടുഭാഷകളിൽ.
വീട്ടുഭാഷയുടെ മധുരസമൃദ്ധിയാണ് ഓമനപ്പേരുകളിൽ പ്രതിഫലിക്കുന്നത്. എത്ര വലുതായാലും ഈ ഓമനപ്പേരുകൾ, നമ്മുടെയെല്ലാം ശിശുത്വത്തിന്റെ , ശിശുദിനങ്ങളുടെ ഓർമ്മപ്പെടുത്തലുകളാണ്. അത്രയേറെ വാത്സല്യപ്പുഴകളിൽ നീന്തിത്തുടിച്ചിരുന്ന ബാല്യത്തിന്റെ സ്മരണകൾ, സ്നേഹാർദ്രമായ രക്തബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും അർത്ഥവും ആഴവും അനുഭവിക്കാൻ നമുക്ക് അവസരമൊരുക്കുകയാണ്.
കൂട്ടുകാരേ, മധുരംപുരട്ടിയ വാത്സല്യപദാവലികൾകൊണ്ട്, നമ്മുടെ ബാല്യത്തെ പുണർന്നിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളേയും അതേ മാധുര്യം തിരികെ നൽകി സ്നേഹിക്കാനും നമുക്കു കടമയുണ്ട്. ബാല്യത്തിൽ പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മവച്ചും വാത്സല്യപ്പേരുകൾ വിളിച്ചും വളരുന്ന സ്വന്തം സഹോദരങ്ങൾ പലരും വളരുന്പോൾ അവനവനിലേക്കുതന്നെ ചുരുങ്ങുന്നതും രക്തബന്ധവും കുടുംബബന്ധവും പോലും മറക്കുന്നതും പരസ്പരം കൊള്ളയടിച്ചും ആക്രമിച്ചും രക്തപ്പുഴയൊഴുക്കുന്നതും വർത്തമാനകാലത്തിന്റെ നൊന്പരച്ചിത്രങ്ങളാണ്.
ചക്കരേയെന്നും, പഞ്ചാരേയെന്നുമൊക്കെ മക്കളെ വിളിച്ച് കൊതിതീരാതെ വളർത്തിയ പല മാതാപിതാക്കൾക്കും വാർധക്യത്തിൽ ഒരു ചക്കരക്കാപ്പിപോലും കൊടുക്കാതെ, വൃദ്ധസദനങ്ങളിൽ തള്ളുന്ന ചക്കരമുത്തുകൾ, തങ്ങളുടെ ശിശുദിനക്കാലം മറക്കുന്നവരാണ്.
ശിശുദിനാഘോഷങ്ങൾ, ചാച്ചാജിയെ ഓർക്കാൻ മാത്രമല്ല, നമ്മെ ശിശുപ്രായത്തിൽ നെഞ്ചിലെ റോസാപ്പൂപോലെ നമ്മെ കാത്തുവച്ചു വിരിയിച്ചെടുത്ത, നമ്മുടെ ചാച്ചനേയും അച്ഛനേയും ബാപ്പയേയും അമ്മയേയും ഓർക്കാനുള്ള ദിനങ്ങൾ കൂടിയാണെന്ന് മറക്കാതിരിക്കാം. ചേച്ചിപ്പൂക്കൾ വിടരുന്ന അനിയത്തിച്ചെടികളുടെ പൂന്തോട്ടങ്ങളാകട്ടെ നമ്മുടെ കുടുംബങ്ങൾ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ മേഖലാ ടാലന്റ് ഫെസ്റ്റുകൾ
കോട്ടയം: ഡിസിഎൽ മേഖല ടാലന്റ് ഫെസ്റ്റുകൾ കേരളത്തിലെ വിവിധ ഡിസിഎൽ മേഖലകളിൽ ആവേശപൂർവം നടന്നുകഴിഞ്ഞു. മണിമല മേഖലാ ടാലന്റ്ഫെസ്റ്റ് 23-ന് മണിമല സെന്റ് ജോർജ് യു.പി. സ്കൂളിലും, 30-ന് അരുവിത്തുറ, ചങ്ങനാശേരി മേഖലാ ടാലന്റ് ഫെസ്റ്റുകൾ യഥാക്രമം അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളിലും ചങ്ങനാശേരി പാറേൽ തിരുഹൃദയ നിവാസിലും നടക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം. വിഷയം - എൽ പി വിഭാഗം: കൃത്യനിഷ്ഠയും അച്ചടക്കവും ജീവിത വിജയത്തിന്.
യു.പി വിഭാഗം - (1) അധ്യാപകർ അറിവിന്റെ വഴികാട്ടികൾ (2) മാറുന്ന ലോകവും നിർമ്മിത ബുദ്ധിയും (നിർമിത ബുദ്ധി - Artificial Intelligence - AI) ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റു മുന്പ് വിഷയം നൽകും.
ഡിസിഎൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ, മീവൽ ലീഡർ
തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ 2024 - 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.മുവാറ്റുപുഴ മേഖലയിലെ മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് വിദ്യാർഥി അനുശ്രീ രാജേഷും തൊടുപുഴ മേഖലയിലെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വിദ്യാർഥി നിഹാൻ നിഷാദുമാണ് കൗൺസിലർമാർ. മൂലമറ്റം മേഖലയിലെ തുടങ്ങനാട് സെന്റ് തോമസ് എച്ച്എസിലെ മീവൽ എസ. കോടാമുള്ളിൽ ആണ് ലീഡർ.
മറ്റു ഭാരവാഹികൾ :ജനറൽ സെക്രട്ടറിമാർ - നോബിൾ ജെയ്മോൻ (സെന്റ് ജോർജ് എച്ച് എസ് എസ് കലയന്താനി , കലയന്താനി മേഖല) , ആൻമരിയ ബൈജു (ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം, വഴിത്തല മേഖല ). ഡെപ്യൂട്ടി ലീഡർ - ജെറിൻ സിജോ (നിർമല പബ്ലിക് സ്കൂൾ കരിമണ്ണൂർ , കരിമണ്ണൂർ മേഖല ). പ്രോജക്റ്റ് സെക്രട്ടറി - ദേവദത്തൻ കെ.എസ്(സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് പുറപ്പുഴ ,വഴിത്തല മേഖല ). ട്രഷറർ - ദിയകൃഷ്ണ ബി. (വിമല മാതാ എച്ച്.എസ്.എസ് കദളിക്കാട്, തൊടുപുഴ മേഖല).
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടത്തിയ നേത്യസംഗമത്തിൽ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . സംസ്ഥാന റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു . മേഖലാ ഓർഗനൈസർമാരായ എബി ജോർജ് , സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ , മേഖലാ പ്രസിഡന്റ് ഫിലിപ്പുകുട്ടി റ്റി.എം , ടോണി സി. തോമസ് എന്നിവർ പ്രസംഗിച്ചു.