ആത്മകഥ സൂത്രിതം; ഇപിയെ വിശ്വസിക്കാനാകാതെ സിപിഎം
Friday, November 15, 2024 2:15 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുദിവസംതന്നെ ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവാദം ആസൂത്രിതമാണെന്ന നിഗമനത്തിലാണു സിപിഎം നേതൃത്വം. ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂവെന്നും പൂർത്തിയായിട്ടില്ലെന്നും ജയരാജൻ ഉറപ്പിച്ചു പറയുന്പോഴും പാർട്ടിക്ക് അതേപടി അതു വിശ്വസിക്കാനാകില്ല.
ഇതാദ്യമായല്ല കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജന്റെ ഭാഗത്തു നിന്നും പാർട്ടിയെ വെട്ടിലാക്കുന്ന ചെയ്തികൾ. ജയരാജൻ വഴിയാണോ അതോ അദ്ദേഹത്തിന്റെ സഹായിയായ പത്രപ്രവർത്തകൻ വഴിയാണോ ആത്മകഥയിലെ ചില വിവാദ ഭാഗങ്ങൾ പുറത്തുവന്നതെന്നു മാത്രമേ ഇനി സിപിഎമ്മിനു കണ്ടെത്തേണ്ടതുള്ളൂ.
പാർട്ടി നിയന്ത്രണങ്ങളെല്ലാം മറികടന്നുള്ള ഇ.പി. ജയരാജന്റെ നിലപാടുകൾ സിപിഎമ്മിനു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളത്. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ജയരാജന്റെ രഹസ്യ കൂടിക്കാഴ്ച സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ ഇപ്പോഴും നീറുകയാണ്.
പാർട്ടി സമ്മേളനങ്ങളിലെല്ലാം ഈ വിഷയം ഇപ്പോഴും ചൂടുള്ള ചർച്ചയാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെയും മറ്റും ആക്ഷേപത്തിനു കൂടുതൽ ശക്തി പകരുന്നതായിരുന്നു ജാവദേക്കർ- ഇപി കൂടിക്കാഴ്ച. ഈ വിഷയത്തിലാണു ഇപിയെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നും സിപിഎം മാറ്റിയത്.
ആശയപരമായി നോക്കിയാൽ വർഗശത്രുക്കളുമായാണു പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കുക എന്നതല്ലാതെ മറ്റൊരു ശിക്ഷയും സാധാരണഗതിയിൽ സിപിഎമ്മിൽ ഉണ്ടാകാറില്ല. എന്നാൽ, ഇപിയെ വലുതായി നോവിക്കാതെയുള്ള അച്ചടക്ക നടപടി മാത്രമാണു പാർട്ടി സ്വീകരിച്ചത്.
അതും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശക്തമായ നിലപാടു സ്വീകരിച്ചതുകൊണ്ടുമാത്രം. എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനു ശേഷമാണ് ഇ.പി. ജയരാജൻ പാർട്ടി പ്രവർത്തനങ്ങളിൽനിന്നും മാറിനിൽക്കാൻ തുടങ്ങിയത്.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പോലും അദ്ദേഹം പങ്കെടുക്കുമായിരുന്നില്ല. തന്റെ ഈ നിലപാട് പാർട്ടി അച്ചടക്ക നടപടിയിലേക്കു കൊണ്ടെത്തിക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് മെല്ലെ അദ്ദേഹം പാർട്ടി നേതൃത്വവുമായി വീണ്ടും അടുത്തത്.
ഇതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും ഉണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ ജയരാജൻ സജീവമാകുന്നതിനിടെയാണ് ആത്മകഥയുമായി ബന്ധപ്പെട്ടു മറ്റൊരു വിവാദവും കൂടി ഉണ്ടായിരിക്കുന്നത്.
ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തിനു പിന്നിൽ അദ്ദേഹം തന്നെയൊരുക്കിയ തിരക്കഥയാണോയെന്ന സംശയം സിപിഎം നേതാക്കൾക്കിടയിൽ ഉണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുള്ള ഇപിയുടെ വാദം അങ്ങനെയങ്ങു വിശ്വസിക്കാൻ നേതാക്കൾ തയാറുമല്ല. കാരണം, ഇപ്പോൾ ആത്മകഥയിലുണ്ടെന്നു പറഞ്ഞു പുറത്തുവന്ന കാര്യങ്ങൾ ഡിസി ബുക്സിന്റെ ഔദ്യോഗിക പേജിലൂടെയാണു പുറംലോകം അറിയുന്നത്.
ഇ.പി. ജയരാജനെപ്പോലെയുള്ള സിപിഎം നേതാവിന്റെ ആത്മകഥ തങ്ങൾ പ്രസിദ്ധീകരിക്കുന്നുവെന്നു പറഞ്ഞു വാർത്തയുണ്ടാക്കാൻ ഡിസി ബുക്സ് ശ്രമിക്കില്ലെന്ന വാദവും സിപിഎമ്മിൽ ശക്തമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇപിയുടെ മറുവാദങ്ങളോടു പാർട്ടി എന്തു സമീപനം സ്വീകരിക്കുമെന്നാണു കണ്ടറിയേണ്ടത്.
ഇന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ, ഈ വിഷയത്തിൽ ഇപി മറുപടി പറയേണ്ടിവരും. ഡിസി ബുക്സിന്റെ പ്രധാനിക്കു പറയാനുള്ളതുകൂടി കേട്ട ശേഷമാകും ആത്മകഥ തിരക്കഥയാണോയെന്നു സിപിഎമ്മിനു ഉറപ്പിക്കാനാകൂ.
ധൃതിപിടിച്ച് ഒരു നടപടി ഇപിക്കെതിരേ ഉണ്ടാകില്ല. കാരണം 75 വയസു പിന്നിടുന്ന ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും. ഈ സാഹചര്യത്തിൽ പാർട്ടി കോണ്‍ഗ്രസ് ചേരുന്ന ഏപ്രിൽ വരെ ഇപിയെ ഇങ്ങനെ കൊണ്ടുപോകാനാണ് എല്ലാ സാധ്യതയും. ഇല്ലെങ്കിൽ സെക്രട്ടറിയെന്ന നിലയിൽ എം.വി. ഗോവിന്ദൻ കടുത്ത നിലപാടെടുക്കണം.
പുസ്തകം വൈകാതെ പുറത്തു വരും
പാലക്കാട്: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി. ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
“പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കും. ചാനലില്‍ വന്നിട്ടുള്ള ഒരു കാര്യവും ഞാന്‍ എഴുതിയതല്ല. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ഡിജിപിക്കു പരാതി കൊടുത്തത്. അതിശക്തമായ ഗൂഢാലോചന നടന്നു. ഉപതെരഞ്ഞെടുപ്പുദിവസംതന്നെ ഇതു പുറത്തുവന്നത് ആസൂത്രിതമാണ്’’- അദ്ദേഹം പറഞ്ഞു.