സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടില്ല: മുഖ്യമന്ത്രി
Friday, November 15, 2024 2:13 AM IST
കൊച്ചി: സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നും അതിന് ആവശ്യമായ സുരക്ഷിതത്വം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരി ആഷിസ് കണ്വന്ഷന് സെന്ററില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് സഹകരണ മേഖലയില്‍ 2.5 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്. സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മോശമായ നിലയില്‍ ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ഓഡിറ്റർമാര്‍ പലരും തെറ്റുകള്‍ കാണാതെ പോകുന്നു.
ഇത്തരം ഒത്തുകളിയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ അടിത്തറ തോണ്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, അന്‍വര്‍ സാദത്ത്, പി.വി. ശ്രീനിജിന്‍ തുടങ്ങിയവർ പ്രസംഗിച്ചു.