മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സിപിഎമ്മിൽ
Friday, November 15, 2024 2:13 AM IST
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു കൃഷ്ണകുമാരി.
കോണ്‍ഗ്രസിന്റെ ബിജെപി ബന്ധത്തെത്തുടര്‍ന്നാണ് താന്‍ പാര്‍ട്ടിവിടുന്നതെന്നും വ്യാപകമായി വ്യാജവോട്ടര്‍മാരെ ചേര്‍ത്തുവെന്നും 40 മുതല്‍ 60 വയസുവരെയുള്ളവരെയാണ് ചേര്‍ത്തതെന്നും കൃഷ്ണകുമാരി ആരോപിച്ചു.
വെള്ളിനേഴി പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ഒറ്റ സ്ഥാനാർഥിയായിരുന്നു. ഇങ്ങനെയാണു പഞ്ചായത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമെത്തിയാണ് പാർട്ടിവിട്ട കാര്യം കൃഷ്ണകുമാരി വെളിപ്പെടുത്തിയത്.
കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്നു മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് സിന്ധു പ്രതികരിച്ചു.
ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും അവർ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റായിരുന്നു ഇവർ. പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്. പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും സിന്ധു പറഞ്ഞു.