കർഷക വരുമാനം വർധിപ്പിക്കാൻ ലോകബാങ്കിന്റെ കേര
Friday, November 15, 2024 2:13 AM IST
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതിയിലൂടെ കർഷക വരുമാനം വർധിപ്പിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 2000 കോടി രൂപയുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ 21നു ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
കേര പദ്ധതി (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രിവാല്യൂ ചെയിൻ) സംസ്ഥാനത്ത് പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിനുള്ള മാർഗരേഖയാകും അടുത്ത മന്ത്രിസഭ പരിഗണിക്കുക. പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥ വിന്യാസം അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും.
കേര നടപ്പാക്കാൻ കൃഷിവകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ പദ്ധതിയാണ് നേരത്തേ അംഗീകരിച്ചത്. ഇതിനായി 1655.85 കോടി രൂപ (200 മില്യണ്‍ ഡോളർ) യുടെ ലോകബാങ്ക് സഹായം അനുവദിച്ചിരുന്നു.
പദ്ധതിക്കായി 709.65 കോടി രൂപ സംസ്ഥാന വിഹിതമായി വിനിയോഗിക്കും. കാർഷിക മേഖലയിൽ അടുത്ത അഞ്ചുവർഷത്തെ പദ്ധതികളാണ് കേര പദ്ധതി വഴി നടപ്പാക്കുന്നത്. കാലാവസ്ഥാനുപൂരകമായ കൃഷിരീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം നാലു ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണു കരുതുന്നത്.
23 വർഷത്തേക്കാണ് ലോകബാങ്കിന്റെ വായ്പ. കാപ്പി, ഏലം, റബർ തുടങ്ങിയ വിളകളുടെ പുനർ നടീലിനും ശാസ്ത്രീയ കൃഷിരീതി അവലംബിക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും.