കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസിൽ ഹൈക്കോടതി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
Friday, November 15, 2024 2:15 AM IST
കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ഇഡി അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി.
കുഴല്‍പ്പണ കവര്‍ച്ചക്കേസിലെ 51-ാം സാക്ഷി സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ദേശം. ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പു കമ്മീഷന് എന്നിവര്‍ക്കു നോട്ടീസ് നൽകാൻ ഉത്തരവായ കോടതി മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കര്‍ണാടകയില്‍നിന്ന് ബിജെപിക്കുവേണ്ടി കേരളത്തില്‍ പണം എത്തിച്ചതായാണു കേസ്. കേരളത്തിലേക്കു കൊണ്ടുവന്ന 25 ലക്ഷം രൂപയും കാറും തൃശൂര്‍ ജില്ലയിലെ കൊടകരയില്‍വച്ച് കൊള്ളയടിച്ചതിനെത്തുടര്‍ന്ന് ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
ബിജെപി കര്‍ണാടകയില്‍നിന്നെത്തിച്ച കണക്കില്‍പ്പെടാത്ത 3.5 കോടി രൂപകൂടി കൊള്ളയടിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സംഭവത്തില്‍ ഇഡിയും ആദായനികുതി വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണു ഹര്‍ജിയില്‍ പറയുന്നത്.
2023ല്‍ ഹവാല, കള്ളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഹൈക്കോടതിയില്‍ വന്ന മറ്റൊരു ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലുള്ളതായി ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഇതുവരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു പരാതിയും പ്രത്യേക കോടതിയില്‍ നല്‍കുകയോ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.