നീതിപൂർവമായ പരിഹാരം കാണണം: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്
Friday, November 15, 2024 2:14 AM IST
തിരുവനന്തപുരം: മുനന്പം വിഷയത്തിൽ സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്ന് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി ആവശ്യപ്പെട്ടു.
മുനന്പത്തെ 610 ലധികം കുടുംബങ്ങൾ, തങ്ങൾ പണം കൊടുത്ത് ആധാരം ചെയ്തു വാങ്ങിയ സ്വന്തം ഭൂമിയിൽനിന്ന് ഇറങ്ങിപ്പോകേണ്ട സ്ഥിതിയിലാണ്. മനുഷ്യത്വരഹിതമായ അധിനിവേശ നടപടികൾ വഴി ഒരു ജനതയെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്ത ഭീഷണിയായി മാറിയ ഈ പ്രതിസന്ധി നാൾതോറും വളർന്നു വലുതാവുകയാണ്.
മുനന്പം നിവാസികളുടെ റവന്യു അവകാശങ്ങൾ സന്പൂർണമായി പുനഃസ്ഥാപിക്കണം എന്നതാണ് മുനന്പം ജനതയോടുള്ള യാഥാർഥ ഐക്യദാർഢ്യം. അതിനുള്ള സത്വര നടപടികൾ ഭരണകൂടം കൈക്കൊള്ളണം.
മുനന്പം പ്രതിസന്ധി ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന്റെ പ്രശ്നമായി മാത്രം അവതരിപ്പിക്കുന്നത് അങ്ങേയറ്റം അപലനീയമാണ്. ഇതിലൂടെ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം.
മുനന്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കത്തോലിക്ക സഭയ്ക്കും സഭാ പിതാക്കന്മാർക്കും എതിരേ സംസ്ഥാന വഖഫ് മന്ത്രി നടത്തിയ പ്രസ്താവന യുക്തിരഹിതും ജനാധിപത്യത്തിനെതിരേയുള്ള വെല്ലുവിളിയുമാണെന്നും സമിതി കൂട്ടിച്ചേർത്തു.
മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി പ്രസിഡന്റ് മോനു ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭായുവജന കമ്മീഷൻ ചെയർമാൻ ബിഷപ്. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പസ്, ഡയറക്ട്ർ ഫാ. ഡോ. പ്രഭീഷ് ജോർജ്, ജനറൽ സെക്രട്ടറി ലിനു ഡാനിയേൽ, ട്രഷറർ രഞ്ചു രാജു എന്നിവർ പ്രസംഗിച്ചു.