വഖഫ് ബോര്‍ഡ് നടത്തുന്നത് ലാന്‍ഡ് ജിഹാദ്: കേന്ദ്രമന്ത്രി
Friday, November 15, 2024 2:14 AM IST
മുനമ്പം: കാലങ്ങളായി മറ്റു മതവിഭാഗങ്ങള്‍ താമസിച്ചു വരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവയില്‍ അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ വഖഫ് ബോര്‍ഡ് ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദ് ആണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ.
മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരേ ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തുടരുന്ന റിലേ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
1950ല്‍ ഭരണഘടന തയാറാക്കുമ്പോള്‍ വഖഫ് എന്ന പദംപോലും അതില്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ 1954ല്‍ വിഭജനത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്കു കുടിയേറിയവരുടെ ഭൂമി സംരക്ഷിക്കാനെന്ന പേരിലാണു വഖഫ് നിയമം ഉണ്ടാക്കിയത്.
1954ല്‍ കേവലം 10,000 ഏക്കറില്‍ താഴെ ഭൂമിയുണ്ടായിരുന്ന വഖഫ് ബോര്‍ഡിന് ഇന്ന് 38 ലക്ഷം ഏക്കര്‍ ഭൂമിയാണുള്ളത്. ഇതെങ്ങനെ ഉണ്ടായി എന്നു വ്യക്തമാക്കാന്‍ വഖഫ് ബോർഡ് തയാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മേജര്‍ രവി, അഡ്വ. ബി. ഗോപാലകൃഷ്ണന്. സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.