തേക്കടിയിൽ ഇസ്രയേൽ വനിതയെ അധിക്ഷേപിച്ച കാഷ്മീർ സ്വദേശികളെ പോലീസ് താക്കീത് ചെയ്തു
Friday, November 15, 2024 2:15 AM IST
കുമളി: തേക്കടി ജംഗ്ഷനിൽ കാഷ്മീർ സ്വദേശികൾ നടത്തുന്ന കരകൗശല വിൽപന കേന്ദ്രത്തിൽ ഇസ്രയേൽ സ്വദേശിയായ വനിതയെ പൗരത്വത്തിന്റെ പേരിൽ അധിക്ഷേപിച്ചു. സംഭവത്തിൽ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച് താക്കീതു ചെയ്തശേഷം വിട്ടയച്ചു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ വനിതയെ ഇസ്രയേൽകാരിയാണെന്നതിന്റെ പേരിൽ കടയിൽനിന്ന് ഇറക്കിവിട്ടത്.
ഇസ്രയേൽ സ്വദേശിയായ വനിത കാൾ നിറ്റ് (53) ഇവരുടെ ഭർത്താവ് ജർമൻ സ്വദേശി ഓഡിസ് (51 )എന്നിവർ തേക്കടി സന്ദർശനത്തിനെത്തിയ തായിരുന്നു.
തേക്കടി റോഡിൽ ഫുട്പാത്തിലൂടെ നടന്നു പോയ ദന്പതികളെ കാഷ്മീരി യുവാവ് ഫയാസ് അഹമ്മദ് റാഥർ കടയിലേക്ക് ക്ഷണിച്ചു കയറ്റുകയായിരുന്നു. കാൾനിറ്റ് (53) മാത്രമാണ് കടയിൽ കയറിയത്.
വാങ്ങേണ്ട സാധനങ്ങൾ കാൾനിറ്റ് ഇസ്രയേലിലുള്ള മകളെ വീഡിയോ കോളിൽ കാണിക്കവേ കടയിലെ ജീവനക്കാരനായ ഫയാസ് സ്ത്രീയുടെ പൗരത്വം മനസിലാക്കി. ഇതോടെ കടയിലെ ലൈറ്റ് അണച്ച് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ ഇവരുടെ ഡ്രൈവർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ വിവരമറിയിച്ചു. സംഘടനാ ഭാരവാഹികൾ ഇടപെട്ടതോടെ സമീപത്തെ കരകൗശല വിൽപന ശാലയിൽ ജോലി ചെയ്യുന്ന ഫയാസിന്റെ സഹോദരൻ മുഹമ്മദ് ഷാഫി സഞ്ചാരികളോട് മാപ്പ് പറഞ്ഞു.
സഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ കടയിലെ ജീവനക്കാരനെ കുമളിയിൽനിന്നു നീക്കാനും കട അടച്ചിടാനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അറിയിച്ചു.
കാഷ്മീരി യുവാവ് മുൻപും ഇത്തരത്തിൽ പ്രകോപനങ്ങൾ ഉണ്ടാക്കിയതായും പറയപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതിയിൽ കുമളി പോലീസ് കട ഉടമയെയും ജീവനക്കാരനെയും വിളിച്ചു വരുത്തി താക്കിത് നൽകി വിട്ടയച്ചു.