പ്രത്യാരോപണവുമായി വി.ഡി. സതീശൻ
Friday, November 15, 2024 2:13 AM IST
പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് വോട്ടര്‍പട്ടികയില്‍ കള്ളവോട്ടു ചേര്‍ത്തുവെന്ന സിപിഎമ്മിന്റെ ആരോപണത്തില്‍ മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
കള്ളവോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്നും തടയുമെന്നും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞാല്‍, ആദ്യം തടയേണ്ടത് ഇടതുസ്ഥാനാര്‍ഥി പി. സരിനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണെന്നു സതീശൻ പറഞ്ഞു. ഇവരുടെ വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
സരിന് പാലക്കാട് മണ്ഡലത്തിലെ താമസക്കാരനല്ല. തിരുവില്വാമലക്കാരനാണ്. കഴിഞ്ഞതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്നേരത്തു തിരുവില്വാമലയില്‍നിന്ന് ഒറ്റപ്പാലത്തുവന്ന് വോട്ടുചേര്‍ത്തു. അവിടെനിന്ന് ഏറ്റവും അവസാനമായി പാലക്കാടും വോട്ടുചേര്‍ത്തു. വോട്ടര്‍പട്ടികയുടെ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനമായി ചേര്‍ത്തിട്ടുള്ളത് സരിന്റെയും ഭാര്യയുടെയും പേരുകളാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ടുചേര്ത്തിരിക്കുന്നതു വ്യാജ വോട്ടാണ്. ഇവിടെ വാടകയ്ക്കു താമസിക്കുകയാണെങ്കില്പോലും ഒരാള്‍ക്കു മണ്ഡലത്തില്‍ വോട്ടുചേര്ക്കാം. പക്ഷേ, ആറുമാസം ഇവിടെ തുടര്‍ച്ചയായി താമസിച്ചിരിക്കണം.
അതിന്റെ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍മാത്രമേ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനാകൂ. സരിന് ആറുമാസം പാലക്കാട്ട് താമസിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയാകാന്വേണ്ടിയാണ് അദ്ദേഹം ഇവിടെവന്നു വാടകവീടെടുത്തത്. അദ്ദേഹം ഹാജരാക്കിയതു വ്യാജസര്‍ട്ടിഫിക്കറ്റാണ്.
വോട്ടര്‍പട്ടികയില്‍ പേരുള്ള ആരെയും തിരിച്ചറിയല്കാര്ഡുമായി വന്നാല്‍ തടയാന്‍ ആര്‍ക്കും അവകാശമില്ല. വന്നയാള്‍ അതുതന്നെയാണോ എന്നു തിരിച്ചറിയല്‍രേഖ പരിശോധിച്ച് ഉറപ്പുവരുത്തുക മാത്രമാണ് പ്രസൈഡിംഗ് ഓഫീസര്‍മാരുടെ ചുമതല.
വോട്ടു ചെയ്യാന്‍ വരുന്നവരെ തടയും എന്നു പറഞ്ഞതില്‍ തെരഞ്ഞെടുപ്പുകമ്മീഷനു പരാതിനല്‍കും. പ്രസ്താവനയില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.