നവീൻ ബാബുവിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
Friday, November 15, 2024 2:13 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കുടുംബത്തിന്റെ മൊഴിയെടുത്തു.
ഇന്നലെ ഉച്ചയോടെ മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ കുടുംബം അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, അമ്മാവന്റെ മകൻ ഹരീഷ് എന്നിവരുടെ മൊഴിയാണ് എടുത്തത്.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും എഡിഎമ്മിന് കണ്ണൂർ കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിനു പിന്നിലും പെട്രോൾ പന്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി മൊഴി നൽകി.
എന്നാൽ ഇതിൽ ആരുടെയും പേര് മൊഴിയിൽ പരാമർശിച്ചിട്ടില്ല. കളക്ടർക്കെതിരായി നേരത്തേ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. രണ്ട് മണിക്കൂറോളം സംഘം മലയാലപ്പുഴയിലെ വീട്ടിലുണ്ടായിരുന്നു.
നവീൻ ബാബുവിന്റെ കോൾ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം വീട്ടിൽ എത്തിയത്.
വിളിച്ചതാരൊക്കെയെന്ന് വ്യക്തത വരുത്താനായിരുന്നു ഇത്. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, എസ് സിപിഒ ഷൈജു, സിപിഒ ഷിജി എന്നിവരടങ്ങുന്ന സംഘമാണ് മലയാലപ്പുഴയിലെത്തിയത്. ഇന്നലെ രാവിലെ കളക്ടറേറ്റിലെത്തി അനുമതി തേടിയശേഷമാണ് നവീൻ ബാബുവിന്റെ വീട്ടിൽ അന്വേഷണസംഘം എത്തിയത്.
നവീൻ ബാബുവിന്റെ സംസ്കാരദിവസം കണ്ണൂരിൽനിന്നെത്തിയ പോലീസ് സംഘം ആദ്യമായി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. അന്ന് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മൊഴിയിൽ വ്യക്തത വരുത്താനായെന്ന് മഞ്ജുഷ പറഞ്ഞു. മക്കളായ നിരഞ്ജന, നിരുപമ, മഞ്ജുഷയുടെ അമ്മാവൻ ബാലകൃഷ്ണൻ നായർ, അദ്ദേഹത്തിന്റെ മകൻ ഗിരീഷ് എന്നിവരും വീട്ടിലുണ്ടായിരുന്നു.