കേരളത്തിൽ സീപ്ലെയിനിന് കടമ്പകളേറെ
Friday, November 15, 2024 2:13 AM IST
കൊച്ചി: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനു വലിയ പ്രതീക്ഷകള്‍ നല്കി അവതരിപ്പിച്ച സീപ്ലെയിന്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ കടമ്പകളേറെ. വിമാനം വാങ്ങാനും സര്‍വീസ് നടത്താനും താത്പര്യം അറിയിച്ച് ഏതെങ്കിലുമൊരു കമ്പനി മുന്നോട്ടുവരേണ്ടതുണ്ട്.
അങ്ങനെ തയാറായി വന്നാല്‍ത്തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വിജയിച്ചാല്‍ മാത്രമേ സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. മാത്രമല്ല, സര്‍വീസ് നടത്താനാവശ്യമായ അനുമതികള്‍ വാങ്ങിയെടുക്കുക എന്നതും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടേറിയ കടമ്പയാണ്.
മറ്റു സംസ്ഥാനങ്ങള്‍ വ്യാപാരമേഖല ലക്ഷ്യമിട്ട് സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ കേരളം ടൂറിസം മേഖലയിലെ സാധ്യതകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കൊച്ചി, മൂന്നാര്‍, ബേക്കല്‍ ടൂറിസം മേഖലകളെ ബന്ധപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാരിന് റൂട്ട് നല്കിയിട്ടുള്ളതും. സര്‍വീസ് ഒഴികെയുള്ള സമയങ്ങളില്‍ വിമാനം നിര്‍ത്തിയിടുന്നതിനായി കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും റൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാട്ടുപ്പെട്ടിയിലും പ്രശ്നം
മാട്ടുപ്പെട്ടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അതീവ പരിസ്ഥിതിലോല മേഖലയില്പ്പെടുന്നതിനാല് കേന്ദ്രാനുമതി നേടിയെടുക്കുക പ്രയാസമാകും. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) ഉള്‍പ്പെടെ ഒട്ടേറെ സാങ്കേതിക അനുമതികള്‍ നേടിയെടുക്കേണ്ടതുണ്ട്. കേരളത്തിലെ മറ്റ് അണക്കെട്ടുകളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് എന്ന ആശയം വൈദ്യുതി വകുപ്പ് മുന്നോട്ടുവച്ചതായും സൂചനയുണ്ട്.
റൂട്ടുകള്‍ അന്തിമമായാലും സര്‍വീസിനായി ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടുവരേണ്ടതുണ്ട്. കനേഡിയന്‍ കമ്പനിയായ ഡി ഹാവിലാന്‍ഡ് എയര്‍ക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് നിര്‍മിച്ച വിമാനത്തിന്റെ സെയില്‍സ് ഡെമോണ്‍സ്ട്രേഷന്റെ ഭാഗമായാണു തിങ്കളാഴ്ച കൊച്ചിയില്‍നിന്നു മാട്ടുപ്പെട്ടിയിലേക്ക് സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
സ്പൈസ് ജെറ്റാണ് ഡി ഹാവിലാന്‍ഡിന്റെ ഇന്ത്യന്‍ പങ്കാളി. ഇവര്‍ തന്നെയാകുമോ വിമാനം കേരളത്തില്‍ സര്‍വീസിന് എത്തിക്കുക എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
സീപ്ലെയിനുകള്‍ക്ക് 15 വരെ സീറ്റുകളേ ഉള്ളൂ എന്നതിനാൽ ചെറുദൂരത്തിനുപോലും വലിയ ചെലവ് വരും. ഇതു മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരക്ക് പരമാവധി നിയന്ത്രിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നതുകൊണ്ട് എയര്‍ലൈന്‍ കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വഴി നികത്തും. ഈ തുക പൂര്‍ണമായും സംസ്ഥാനം വഹിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയ സാമ്പത്തികബാധ്യത വരുത്തിവയ്ക്കും.
വാട്ടര്‍ എയ്റോഡ്രോമുകളുടെ നിര്‍മാണം, പരിപാലനം, സുരക്ഷ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, ടിക്കറ്റ് കൗണ്ടറുകള്‍, കാത്തിരിക്കാനുള്ള സൗകര്യം, ശുദ്ധജലം എന്നിവയെല്ലാം ഒരുക്കേണ്ടതും സംസ്ഥാനമാണ്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണു യാത്രക്കാര്‍ സീപ്ലെയിനില്‍ കയറുക. വാട്ടര്‍ എയ്റോഡ്രോമുകള്‍ സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്കുന്ന പദ്ധതിയില്‍ കേരളം താത്പര്യം അറിയിക്കാത്തതിനാൽ കേന്ദ്രത്തിന്റെ പട്ടികയില്‍ കേരളമില്ല. കേന്ദ്ര ധനസഹായം ലഭ്യമായില്ലെങ്കില്‍ മുഴുവന്‍ പണവും സംസ്ഥാനം കണ്ടെത്തേണ്ടിവരും.