ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം
Friday, November 15, 2024 2:15 AM IST
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്കി. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം.
രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. താത്കാലികമായ വിശ്രമസ്ഥലം വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ കമ്മിറ്റിയെ ബോധിപ്പിക്കണം.
ദിവസം 30 കിലോമീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്. ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ചു മീറ്റര്‍ ദൂരപരിധിയുണ്ടാകണം. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണം.
ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആനകളെ പൊതുനിരത്തില്‍ക്കൂടി കൊണ്ടുപോകരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുത്. ബാരിക്കേഡ് സംവിധാനമുണ്ടാകണം. തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്.
രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലു വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയില്‍ ശരിയായ വിശ്രമസ്ഥലം സംഘാടകര്‍ ഉറപ്പുവരുത്തണം. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗത 25 കിലോമീറ്ററില്‍ താഴെയാകണം. ദിവസം 125 കിലോമീറ്ററിൽ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്.
ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ വാഹനത്തില്‍ ആനയെ കൊണ്ടുപോകരുത്. ആന എഴുന്നള്ളത്തിന് എലിഫന്റ് സ്ക്വാഡ് എന്നപേരില്‍ ആളുകളെ നിയോഗിക്കരുത്. ക്യാപ്ച്ചര്‍ ബെല്‍റ്റുകള്‍ ഉപയോഗിക്കരുതെന്നും ദേവസ്വങ്ങള്‍ക്കു കോടതി നിര്‍ദേശം നല്കി.
നാട്ടാന പരിപാലനം സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള, സ്വമേധയാ രജിസ്റ്റർ ചെയ്ത ഹര്‍ജിയിലാണ് 2012 ലെ കേരള നാട്ടാന പരിപാലന സംരക്ഷണച്ചട്ടവും 2015 ലെ സുപ്രീംകോടതി ഉത്തരവും പരിഗണിച്ച് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.