പാലക്കാട്ടെ വോട്ടർപട്ടികയിൽ വ്യാജന്മാരെന്ന് സിപിഎം
Friday, November 15, 2024 2:13 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പു വോട്ടർപട്ടികയിൽ വ്യാജവോട്ടർമാരെ തിരുകിക്കയറ്റിയെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ആരോപിച്ചു. പിരായിരിയിലെ വോട്ടർപട്ടികയിൽ കോൺഗ്രസും ബിജെപിയും 800 വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്ന ആരോപണവുമായാണ് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
സിപിഎം പ്രവർത്തകർ സ്ലിപ്പ് കൊടുക്കാൻ പോകുമ്പോൾ ലിസ്റ്റിലുള്ള ആരെയും കാണാനില്ല. മണ്ഡലത്തിലാകെ രണ്ടായിരത്തിഎഴുനൂറോളം വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ട്. വോട്ടർപട്ടിക ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണമുന്നയിച്ചത്.
ബിജെപിയുടെ ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസിന്റെ പേര് ബൂത്ത് നമ്പർ 73ലെ പിരായിരിയിലും പട്ടാമ്പിയിലും ഉണ്ട്. ആളുകളെ കുത്തിക്കയറ്റി കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയാണ്. ബിജെപിയെ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു കോൺഗ്രസും ഷാഫി പറമ്പിലും പ്രവർത്തിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.
ബിഎൽഒമാരെ സ്വാധീനിച്ചാണ് കോൺഗ്രസും ബിജെപിയും വോട്ടർപട്ടികയിൽ ആളുകളെ കുത്തിക്കയറ്റുന്നത്. വോട്ട് ചെയ്യാൻ വരുന്നവരുടെ റേഷൻകാർഡുകൂടി കൊണ്ടുവന്നു പരിശോധിക്കണമെന്നും സുരേഷ്ബാബു ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കില്‍ 18 നു പ്രക്ഷോഭം സംഘടിപ്പിക്കും. തെളിവുസഹിതമാണ് എല്‍ഡിഎഫ് ഇതെല്ലാം പറയുന്നത്. സതീശൻ പറഞ്ഞതുകേട്ട് ഭയക്കുന്ന ആളല്ല. കള്ളവോട്ട് ചെയ്യിക്കാൻ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
എന്നാൽ, സിപിഎമ്മിനെതിരേ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയുടെയും ഭാര്യയുടെയും പേര് വ്യാജമായി ലിസ്റ്റിൽ ചേർത്തിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് ആരോപണം.
വ്യാജവോട്ട് ആരോപണം; അന്വേഷണം തുടങ്ങി
പാലക്കാട്: കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജവിവരങ്ങള്‍ ഉപയോഗിച്ചും വോട്ടർപട്ടികയിൽ ചേര്ത്തിരിക്കുന്നുവെന്നു പരാതിയും പിന്നാലെ കണ്ടെത്തലുകളും വന്നതോടെ തെരഞ്ഞെടുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയിരുന്നു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കളക്ടർ അന്വേഷണവും തുടങ്ങി. സിപിഎമ്മിന്റെ ആരോപണത്തിനുപിന്നാലെ, പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തതു കൃത്യമായ മേല്വിലാസത്തിലല്ലെന്നു തെളിവുസഹിതം മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു പാലക്കാട്ടെ ലിസ്റ്റിലും വോട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കു വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസവും വ്യാജമാണ്. ഇലക്ഷന് ഐഡികളും വ്യത്യസ്തമാണെന്നാണു കണ്ടെത്തലുകൾ.