രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു
Friday, November 15, 2024 2:13 AM IST
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ. രത്നകുമാരി ചുമതലയേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജൂബിലി ചാക്കോയെ ആണ് പരാജയപ്പെടുത്തിയത്.
രത്നകുമാരിക്ക് 16 വോട്ടും ജൂബിലിക്ക് ഏഴു വോട്ടും ലഭിച്ചു. 24 അംഗ ഭരണസമിതിയില്‍ എൽഡിഎഫിന് 17 അംഗങ്ങളും യുഡിഎഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. മുൻ പ്രസിഡന്റ് സിപിഎമ്മിലെ പി.പി. ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് പി.പി. ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വരണാധികാരിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ബിനോയ് കുര്യൻ രത്നകുമാരിയുടെ പേര് നിര്‍ദേശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പിന്താങ്ങി. യുഡിഎഫിലെ തോമസ് വക്കത്താനമാണ് ജൂബിലി ചാക്കോയുടെ പേര് നിര്‍ദേശിച്ചത്. ആബിദ പിന്താങ്ങി.
വോട്ടെടുപ്പിനു ശേഷം വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രത്നകുമാരിയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കെ.വി. സുമേഷ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എൽഡിഎഫ് നേതാക്കളായ കെ.പി.സുധാകരൻ, കെ. സുരേശൻ, ഇഖ്ബാൽ പോപ്പുലർ, ശശിധരൻ നന്പ്യാർ എന്നിവർ സന്ദർശിച്ച് അഭിനന്ദനമറിയിച്ചു.
ദിവ്യ വിട്ടുനിന്നത് ജാമ്യവ്യവസ്ഥയിലെ ഉപാധികൾ കാരണമെന്ന് വിശദീകരണം
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിൽനിന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിട്ടുനിന്നത് കോടതി ജാമ്യവ്യവസ്ഥയിലെ ഉപാധികള്‍ കാരണമെന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതിനെത്തുടർന്ന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരായി ഒപ്പുവയ്ക്കണം, ജില്ല വിട്ടു പുറത്ത് പോകരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം.
യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ വിവാദ പരാമർശത്തിനു മുഖ്യസാക്ഷി ജില്ലാ കളക്ടർ അരുൺ കെ. വിജയനാണ്. ജില്ലാ കളക്ടർ വരണാധികാരിയായി നടത്തുന്ന തെരഞ്ഞെടുപ്പിൽ ദിവ്യ വോട്ട് ചെയ്യാൻ വന്നാൽ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ കൂടിയാകാം ദിവ്യ വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നാണ് നിയമമേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നത്.