ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന
Friday, November 15, 2024 2:15 AM IST
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്തു പാലാരിവട്ടം സ്വദേശിയായ റിട്ട എന്ജിനിയറില്നിന്നു 77.5 ലക്ഷം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് പാലക്കാട് നാട്ടുകല്‍ കലംപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (32), ബന്ധു മണ്ണാര്‍ക്കാട് കൊട്ടിയോട് മുസ്തഫ (51) എന്നിവരെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എ. ഫിറോസ്, എസ്ഐ ഒ.എസ്. ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രമുഖ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി എന്‍ജിനിയറെ ഓഗസ്റ്റില്‍ വാട്സ് ആപ്പിലൂടെ പരിചയപ്പെട്ടാണ് ഒരു മാസത്തിനുള്ളില്‍ രണ്ട് അക്കൗണ്ടില്‍നിന്ന് 77.5 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.