ഇ.പി. ജയരാജന്റെ പുസ്തകവിവാദം: പിന്നിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയെന്ന് സരിൻ
Friday, November 15, 2024 2:14 AM IST
പാലക്കാട്: ഇ.പി. ജയരാജന്റെ പുസ്തകവിവാദത്തിനു പിന്നിൽ പ്രതിപക്ഷനേതാവിന്റെ പ്രസ് സെക്രട്ടറിയാണെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ.
പാലക്കാട് പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റിൽ സംസാരിക്കുകയായിരുന്നു സരിൻ. ഓഫീസിൽ അക്ഷരാഭ്യാസമുള്ളവർ ചേർന്നുള്ള ഗൂഢാലോചനയാണു നടന്നത്.
ഇനിയും ആക്ഷേപവും അധിക്ഷേപവും തുടർന്നാൽ കോൺഗ്രസ് അടിച്ചുപിരിയുന്ന തെളിവുകൾ പുറത്തുവിടും. ആർഎസ്എസുമായി ആരൊക്കെ ചർച്ചനടത്തി എന്നതിന്റെ തെളിവുകളും പുറത്തുവിടുമെന്നു സരിൻ ഭീഷണി മുഴക്കി.
വിജയിച്ചശേഷം പാലക്കാടിനെ ഉപേക്ഷിച്ചുപോയ പാർട്ടിക്കെതിരേ ജനവികാരം ശക്തമാണെന്നു സരിൻ അഭിപ്രായപ്പെട്ടു. വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് ജനങ്ങളുടെ പ്രതിഷേധമാണ്. അതേ പ്രതിഷേധം പാലക്കാട്ടുണ്ടാകും.
യുഡിഎഫ് ജനങ്ങളിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന മുന്നണിയാണ്. പറഞ്ഞുകൊടുക്കുന്നതു പാടുന്ന ആളാണ് രാഹുൽ. പാലക്കാടിന്റെ പ്രോക്സി എംഎൽഎ ആവാനാണ് മുൻ എംഎൽഎ ഷാഫി പറന്പിൽ രാഹുലിനെ സ്റ്റാമ്പ് സ്ഥാനാർഥിയാക്കിയത്. രണ്ടാംസ്ഥാനത്തിന്റെ കാര്യത്തിലാണ് ഇവിടെ തർക്കം മുറുകുന്നത്.
വഖഫ് വിഷയം പാലക്കാട്ട് ബിജെപിക്കു ഗുണംചെയ്യില്ലെന്നും അവർക്കു ധ്രുവീകരണരാഷ്ട്രീയം മാത്രമേ അറിയൂവെന്നും സരിൻ അഭിപ്രായപ്പെട്ടു.