വിസി നിയമനം: നിയമന നടപടികളിൽ വ്യക്തത തേടി ഗവർണർ
Friday, November 15, 2024 2:15 AM IST
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം നീളുന്നു.
പുതിയ വൈസ് ചാൻസലറെ നിയമിക്കാൻ ഒരു വശത്ത് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി മുന്നോട്ടു പോകുന്പോൾ മറുവശത്ത് വൈസ് ചാൻസലർ നിയമനത്തിൽ വ്യക്തത തേടാനുള്ള നീക്കത്തിലാണ് ഗവർണർ. ഇതോടെ സർവകലാശായുടെ പുതിയ വൈസ് ചാൻസലർ നിയമനം എപ്പോൾ നടക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
ഡോ. സജി ഗോപിനാഥിന്റെ കാലാവധി അവസാനിച്ചതോടെയാണ് നിലവിൽ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർ ഇല്ലാത്ത സ്ഥിതിയിലായത്.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ കാലാവധി അവസാനിച്ചപ്പോൾ നിലവിലെ വിസി ഡോ. മോഹനൻ കുന്നുമ്മലിന് അതിവേഗത്തിൽ പുനർ നിയമനം നല്കിയ ഗവർണർ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്.
ഇതിനിടെ ആഴ്ച്ചകൾക്ക് മുന്പ് സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയാണ് വിജ്ഞാപനം ഇറക്കിയത്.
താത്കാലിക വിസി ഡോ. സജി ഗോപിനാഥിന്റെ കാലാവധി തീർന്നപ്പോൾ പുതിയ മൂന്നു പേരുകൾ സർക്കാർ ഗവർണർക്ക് മുന്പാകെ നല്കിയെങ്കിലും അതിൽ നിന്നും നിയമനം നടത്താൻ ഗവർണർ വേണ്ടത്ര വേഗം കാട്ടിയില്ല.
വിസിയെ നിയമിക്കേണ്ടത് ചാൻസലറാണെന്നും അതിൽ ബാഹ്യസമ്മർദ്ദം പാടില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവാണ് ഗവർണർ പിടിവള്ളിയാക്കിയത്. പുതിയ വിസിയെ നിയമിക്കാൻ നിയമോപദേശം തേടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഗവർണറെ മറികടന്ന് സർക്കാറിന്റെ വിജ്ഞാപനം. സെർച്ച് കമ്മിറ്റി ശിപാർശ ചെയ്യുന്ന പാനലിൽ നിന്നാണ് വിസിയെ നിയമിക്കുകയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.