200 രൂപ കിട്ടാതെ റബറില്ല
Friday, November 15, 2024 2:13 AM IST
കോട്ടയം: ഉത്പാദനച്ചെലവായ 200 രൂപ വില ലഭിക്കുംവരെ വിപണി ബഹിഷ്കരിക്കുവാന്‍ റബര്‍ ഉത്പാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മ. സമരത്തിന്റെ പ്രചാരണാര്‍ഥം റബര്‍ ബോര്‍ഡ് റീജണുകളുടെ കീഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷനുകളും വാഹനജാഥകളും സംഘടിപ്പിക്കും.
സിയോന്‍ വ്യവസ്ഥകള്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം കൊച്ചി കാക്കനാട്ടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) ഓഫീസിനു മുന്പില് കൂട്ടധര്‍ണ നടത്താനും നാഷണല്‍ കണ്‍സോർഷ്യം ഓഫ് റീജണല്‍ ഫെഡറേഷന്‍സ് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിസ് ഇന്ത്യ (എന്‍സിആര്‍പിഎസ്) തീരുമാനിച്ചു.
200 രൂപ ലഭിക്കുംവരെ റബര്‍ ഷീറ്റ്, ലാറ്റെക്സ്, ഒട്ടുപാല് എന്നിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കണമെന്നും കര്‍ഷകരോട് ആവശ്യപ്പെട്ടു. റബര്‍ വില 200രൂപ കടക്കുന്നതുവരെ പ്രചാരണം തുടരും.
സംസ്ഥാനത്തെ കര്‍ഷകരില്‍നിന്ന് റബര്‍ സംഭരിച്ചു മാര്‍ക്കറ്റില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ല.
ലക്ഷകണക്കിനുള്ള റബര്‍ കര്‍ഷകരെ ഏതാനും ടയര്‍ വ്യവസായികളുടെ ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കാതെ അടിയന്തരമായി റബര്‍ സംഭരണം സര്‍ക്കാര്‍ പുനരാരംഭിക്കണം. കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ താത്പര്യമില്ലെങ്കില്‍ സര്‍ക്കാരിന്റെ ഉത്തേജക പാക്കേജിലെ അടിസ്ഥാന വില 250 രൂപയായി ഉടന്‍ ഉയര്‍ത്തണം.
റബര്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം 1.4 ശതമാനത്തിന്റെ വർധന ഉണ്ടാകുകയും ഉപഭോഗത്തില്‍ 1.8 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഇറക്കുമതിക്ക് 25 ശതമാനത്തിന്റെ വര്‍ധന ഉണ്ടായത് നീതീകരിക്കാനാവില്ലെന്നും എന്‍സിആര്‍പിഎസ് വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ നാഷണല്‍ കണ്‍സോഷ്യം ഓഫ് റീജണല്‍ ഫെഡറേഷന്‍സ് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ഇന്ത്യ (എന്‍സിആര്‍പിഎസ്) ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ദേശീയ ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, ഏബ്രഹാം വര്‍ഗീസ്, ജോര്‍ജ് കൊട്ടാരം, പി.വി. ബാബു, വര്‍ഗീസ് ജോര്‍ജ്, അബ്ദുള്‍ കരിം എന്നിവര്‍ പങ്കെടുത്തു.