പോളിംഗ് ശതമാനം കുറഞ്ഞത് അതൃപ്തി മൂലം: കെ. സുരേന്ദ്രൻ
Friday, November 15, 2024 2:14 AM IST
പാലക്കാട്: വയനാട്, ചേലക്കര പോളിംഗ് ശതമാനക്കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അതൃപ്തിയാണു കാണിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
വഖഫ് വിഷയത്തിൽ ക്രൈസ്തവർക്കുള്ള പ്രതിഷേധം പോളിംഗ് ശതമാനം കുറയാൻ കാരണമായി. തങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നുവെന്ന ധാരണ ക്രൈസ്തവ വോട്ടർമാർക്കുണ്ടായി. ന്യൂനപക്ഷ അവകാശം ഒരു വിഭാഗത്തിന്റെ മാത്രമായി മാറി.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും വലിയ തിരിച്ചടി കിട്ടും. യുഡിഎഫിന്റെ ജനപിന്തുണ വയനാട്ടിലടക്കം കുറഞ്ഞു. മൂന്നാംബദലിനു ജനം ആഗ്രഹിക്കുന്നു. യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ അപ്രസക്തമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തോൽക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണു സിപിഎം. 23നു പറയേണ്ട കാരണം ഇപ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നു. സിപിഎമ്മിന് ഇപ്പോൾ ചിഹ്നമില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ സിപിഎം ഛിന്നഭിന്നമാകുമെന്നും കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു.