നിലവില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ഭാര്യ അന്നമ്മ മിലിട്ടറി മേജര്‍ നഴ്സായി വിരമിച്ചു. രണ്ടു മക്കളാണുള്ളത്. ആദര്‍ശ് (കാനഡ), ആകാശ് (ജോര്‍ജിയ).
എന്നും ഒരു പക്ഷം, ഒരേ നിലപാട് കോട്ടയം: നാട്ടുകാര്‍ക്ക് ജോര്‍ജ് ചേട്ടന്, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുര്യന്‍ജി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ജോര്‍ജ് കുര്യന് അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനും ജനകീയനായ നേതാവുമാണ്. ചെറുപ്പം മുതല്‍ ഒരേ രാഷ്ട്രീയ വിചാരധാരയില്‍ അടിയുറച്ചു നിന്ന വ്യക്തിത്വമാണ് ജോര്‍ജ് കുര്യന്. പാര്‍ട്ടി പരാജയപ്പെടുമ്പോഴും പ്രതിസന്ധികള്‍ ഉണ്ടായപ്പോഴുമൊക്കെ മറ്റു പാര്‍ട്ടികളില്‍നിന്ന് ഓഫറുകള്‍ തേടിയെത്തിയെങ്കിലും ഇദ്ദേഹം ബിജെപിയില്‍ അടിയുറച്ചു നിലകൊണ്ടു.
19-ാം വയസില്‍ വിദ്യാര്‍ഥി, യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ ബിജെപിയിലെത്തി നാലു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ജോര്‍ജ് കുര്യന് എക്കാലവും സൗമ്യനാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായപ്പോള്‍ മുതല്‍ തിരുവനന്തപുരത്തെ മാരാര്‍ജി മന്ദിരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഹിന്ദി ഭാഷയിലെ പ്രാവീണ്യം ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നേട്ടമായി. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ കേരളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോര്‍ജ് കുര്യന് ആഡംബരങ്ങളോട് ഭ്രമമില്ലാത്തയാളായിരുന്നു. ഭക്ഷണത്തിലും വസ്ത്രത്തിലുമൊക്കെ തികഞ്ഞ മിതത്വം. കേരളത്തില്‍ ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയങ്ങളില്‍ ഒരിക്കലും ജോര്‍ജ് കുര്യനെ കാണാന്‍ സാധിക്കില്ല. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നല്‍കുകയായിരുന്നു. ചുരുങ്ങിയ കാലയളവില്‍ മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്.