എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച അന്വേഷണ റിപ്പോർട്ട് കൈമാറി
Sunday, October 6, 2024 2:26 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് ദേശീയ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഡിജിപി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
രാത്രി 8.30ഓടെയാണ് റിപ്പോർട്ട് കൈമാറിയത്. ചട്ടലംഘനം മയപ്പെടുത്തി സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ ഒഴിവാക്കാൻ റിപ്പോർട്ടിൽ മാറ്റം വരുത്തിയെന്നാണ് സൂചന.
അധികാര സ്ഥാനത്ത് ഇല്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് അഖിലേന്ത്യാ സിവിൽ സർവീസിന്റെ ലംഘനമാണെന്നു വ്യക്തമാക്കിയുള്ള ഡിജിപിയുടെ റിപ്പോർട്ടിലെ ഭാഗങ്ങളാണു മയപ്പെടുത്തിയത്.
സസ്പെൻഷൻ ഒഴിവാക്കി, സ്ഥലംമാറ്റത്തിൽ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു തയാറാക്കിയ റിപ്പോർട്ടിൽ ഇന്നലെ വീണ്ടും മാറ്റം വരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോർട്ടിലെ ഭാഗങ്ങളിൽ മാറ്റം വരുത്തിയതെന്നാണു സൂചന. റിപ്പോർട്ട് സമർപ്പിക്കുന്നതു വൈകാനും ഇതു കാരണമായി.
അധികാരസ്ഥാനത്ത് ഇല്ലാത്ത രാഷ്്ട്രീയ നേതാക്കളെ ഒദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു കണ്ടെത്തൽ.
സെൻട്രൽ വിജിലൻസ് കമ്മീഷൻ മാന്വൽ അനുസരിച്ചു ജനങ്ങൾക്കു മുന്നിൽ സർക്കാരിനു പേരുദോഷമുണ്ടാക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു വ്യക്തമാക്കുന്നു.
ആർഎസ്എസ് നേതാക്കളുമായി സിപിഎം ഭരിക്കുന്ന സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തുന്നതിൽ അതീവ ഗുരുതര പ്രശ്നങ്ങളാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. റിദാൻ കേസിലും മാമി തിരോധാനക്കേസിലും എഡിജിപിക്ക് വീഴ്ച വന്നതായി റിപ്പോർട്ടിലുണ്ട്.
നിലവിലെ റിപ്പോർട്ട് അതേ മാതൃകയിൽ സ്വീകരിച്ചാൽ ആരെങ്കിലും കോടതിയിൽ പോയാൽ സർക്കാരിന് എഡിജിപിക്കെതിരേ നടപടി സ്വീകരിക്കേണ്ടി വരുമോ എന്ന പ്രശ്നവും സർക്കാരിനു മുന്നിലുണ്ട്.
തൃശൂർ പൂരം കലക്കിയതിൽ എഡിജിപിയുടെ ഭാഗത്തു വീഴ്ചയുണ്ടെന്നു കണ്ടെത്തിയ ഡിജിപിയുടെ റിപ്പോർട്ട് സർക്കാർ തള്ളിയതും ഇത്തരം കോടതി നടപടി ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗം കൂടിയായിരുന്നു.
എഡിജിപിക്ക് സംഭവിച്ച വീഴ്ചകൾ ഡിജിപി വ്യക്തമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് തള്ളിയത്. തുടർന്നു മൂന്നു തലത്തിലുള്ള അന്വേഷണം മന്ത്രിസഭയിൽ കൊണ്ടുവന്നു പ്രഖ്യാപിക്കുകയായിരുന്നു. ത്രിതല അന്വേഷണങ്ങളുടെ ഉത്തരവും ഇന്നലെ പുറത്തിറക്കി.
തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിശദ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ചുമതലകളിലെ വീഴ്ചകൾ പരിശോധിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രാഹാമിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്തുള്ള വീഴ്ചകൾ അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയെയുമാണു ചുമതലപ്പെടുത്തി ഇന്നലെ രാത്രിയിൽ ഉത്തരവിറങ്ങിയത്.
ശബരിമല അവലോകന യോഗത്തിൽനിന്ന് അജിത്കുമാർ ഔട്ട്
തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മുന്നൊരുക്കത്തിനായി ചേർന്ന അവലോകന യോഗത്തിൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെ പങ്കെടുപ്പിച്ചില്ല. ശബരിമലയിലേക്കുള്ള ഭക്തരുടെ ഓണ്ലൈൻ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ശബരിമലയുടെ ഏകോപന ചുമതല കൂടിയുള്ള എഡിജിപി അജിത്തിനെ ഒഴിവാക്കിയത്.
ശബരിമല യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അജിത്കുമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ആരോപണം ഉയർന്നിരുന്നു. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നു സിപിഐ നിരന്തരമായ സമ്മർദം മുഖ്യമന്ത്രിക്കു മേൽ ചെലുത്തിവരുകയാണ്.
ഇന്നലെ മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബും ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമും പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തും പങ്കെടുത്തിരുന്നു. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപിയാണ് ശബരിമല തീർഥാടനത്തിൽ മുഖ്യ പങ്കു വഹിക്കേണ്ടത്.
കഴിഞ്ഞ വർഷം ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും പോലീസ് എഡിജിപിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പോലീസ് അവഗണിച്ചെന്ന ആരോപണം ഉയർന്നിരുന്നു.