എടിഎം കവർച്ച: ലക്ഷ്യമിട്ടതു പ്രെസ്റ്റോ എടിഎമ്മുകൾ
Sunday, October 6, 2024 2:13 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: അതിർത്തി കടന്നെത്തിയ എടിഎം കവർച്ചാസംഘം ലക്ഷ്യമിട്ടതു പ്രെസ്റ്റോ എടിഎമ്മുകൾ. മറ്റ് എടിഎമ്മുകളെ അപേക്ഷിച്ച് ഇത്തരം എടിഎമ്മുകളിലെ പണക്കൂന്പാരമാണ് കവർച്ചാസംഘത്തെ ആകർഷിച്ചത്.
സ്വകാര്യ ഇന്റർനാഷണൽ ഏജൻസിയാണ് പ്രെസ്റ്റോ. എടിഎം സേവനങ്ങൾക്കു യാതൊരു പണവും ഇടപാടുകാരിൽനിന്ന് ഇവർ ഈടാക്കുകയില്ല. അതുകൊണ്ടുതന്നെ ഇത്തരം എടിഎമ്മുകൾ കൂടുതൽ ആളുകൾ ഉപയോഗിക്കും.
കൂടുതൽ ഇടപാടുകൾ നടക്കുന്ന എടിഎമ്മുകളിൽ പണം പിൻവലിക്കുന്നതിനനുസരിച്ചു നിറയ്ക്കാൻ ഏജൻസികൾ ബാധ്യസ്ഥരാണ്. അതിനാൽ പ്രെസ്റ്റോ എടിഎമ്മുകളിൽ ഏതുസമയത്തും നിറയെ പണം ഉണ്ടായിരിക്കും.
കേരളത്തിൽ നടക്കുന്ന ഇടപാടുകളുടെ അടിസ്ഥാനത്തിൽ എസ്ബിഐ എടിഎമ്മുകളാണ് പ്രെസ്റ്റോയ്ക്കു സമാനമായുള്ളത്. കൂടുതൽ ഇടപാടുകൾ നടക്കുന്നതിനാൽ പണം നിറച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് കവർച്ചാസംഘം എസ്ബിഐ എടിഎമ്മിൽ കൊള്ള നടത്തിയത്.
കേരളത്തിൽ ബാങ്ക് മേഖലയിലുള്ളവർക്കുപോലും ഇത്തരം കാര്യങ്ങൾ അറിവില്ലെന്നിരിക്കെ മോഷ്്ടാക്കൾ ഇതെല്ലാം മനസിലാക്കിയതിൽ പോലീസിനും അദ്ഭുതമാണ്. ഓൺലൈൻ പരിശോധനയിലാണ് കവർച്ചാസംഘം പ്രെസ്റ്റോ എടിഎമ്മുകളെകുറിച്ചും ഇടപാടുകൾ കൂടുതൽ നടക്കുന്ന എടിഎമ്മുകളെക്കുറിച്ചും മനസിലാക്കിയത്.
കവർച്ചയ്ക്കുശേഷം ഉടൻ സംസ്ഥാന അതിർത്തി കടക്കാൻ കഴിയുന്ന, രാജ്യത്തെ സന്പന്നമായ എടിഎമ്മുകൾ ഏതെല്ലാമാണെന്നും ഓൺലൈനിൽ തെരഞ്ഞു. അങ്ങനെ തൃശൂരിലേക്കെത്തിയെന്നു നാമക്കൽ എസ്പി രാജേഷ് കണ്ണൻ പറഞ്ഞു. കേസിൽ പിടിക്കപ്പെട്ട ആറു പ്രതികളിലൊരാളായ മുഹമ്മദ് ഇക്രാം തെലുങ്കാനയിൽ മുൻപുചെയ്ത നാലു കവർച്ചകൾക്കും ഇടപാടുകൾ കൂടുതലുള്ള എടിഎമ്മുകളാണ് തെരഞ്ഞെടുത്തത്.
കവർച്ചാസംഘം രക്ഷപ്പെടാൻ ഉപയോഗിച്ച ട്രക്ക് ചെന്നൈയിൽനിന്നു കേരളത്തിലേക്കു പുറപ്പെട്ടപ്പോൾതന്നെ രണ്ടുപ്രതികൾ ഒപ്പമുണ്ടായിരുന്നു. മറ്റു മൂന്നുപേർ കാറിലും രണ്ടുപേർ വിമാനത്തിലും എത്തി. 15 ദിവസംമുമ്പ് ചെന്നൈയിൽ ഒത്തുകൂടിയ ഇവർ ട്രക്കിലും കാറിലും പാലക്കാട്ടേക്കു നീങ്ങി. പിന്നീട് അവർ റാന്പ് ഉപയോഗിച്ച് കാർ ട്രക്കിൽ കയറ്റി.
അങ്ങനെയാണു തൃശൂരിലെത്തിയത്. അതിനുമുന്പേ ഏതെല്ലാം എടിഎമ്മുകളിലാണു കവർച്ച നടത്തേണ്ടതെന്ന് ഏകദേശധാരണയായിരുന്നു. മോഷ്ടാക്കൾ രക്ഷപ്പെടാനുപയോഗിച്ച ട്രക്കിനടിയിൽ അടിയന്തരഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള ദ്വാരമുണ്ടായിരുന്നെങ്കിലും തമിഴ്നാട് പോലീസിന്റെ ശക്തമായ ഇടപെടൽമൂലം പ്രതികൾക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല.