ഗൂഗിള്‍പേ വഴി തിരിച്ചുനല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ യുവാവും പെൺകുട്ടിയും അറസ്റ്റില്‍
Sunday, October 6, 2024 2:13 AM IST
കോഴിക്കോട്: എടിഎം കൗണ്ടറിന് മുന്പില് കാത്തുനിന്ന് ഗൂഗിള്‍ പേവഴി പണം അയയ്ക്കാം എന്നു പറഞ്ഞ് ആളുകളില്‍നിന്നു പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവും പെൺകുട്ടിയും അറസ്റ്റില്‍.
നടക്കാവ് ഇംഗ്ലീഷ് പള്ളി, സെയ്ദ് ഹൗസില്‍ സെയ്ദ് ഷമീമും (25) പതിനേഴു വയസുള്ള പെൺകുട്ടിയു മാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ മാവൂര്‍ റോഡ് ഭാഗത്തു കണ്ട ഇവരെ കസബ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഷമീം നടക്കാവ്, കസബ, വെള്ളയില്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം ചടയമംഗലത്ത് കവര്‍ച്ച, കളവ്, മയക്കുമരുന്ന് കേസിലും പ്രതിയാണ്. പോക്സോ കേസ് ഉള്‍പ്പെടെ പത്ത് കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്.
വ്യാഴാഴ്ച രാത്രിയില്‍ ബീച്ച് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ മുക്കം പുതിയേടത്ത് ഹൗസില്‍ ടി.എസ്. സിബിയുടെ കൈയില്‍നിന്ന് 2000 രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു.
സിബി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോള്‍ രാത്രി 9.10ന് മാനാഞ്ചിറ എസ്ബിഐക്കു സമീപത്തെ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ കയറിയിരുന്നു. 500 രൂപ പിന്‍വലിക്കാനാണ് പോയത്. ആ സമയത്ത് ഇവര്‍ രണ്ടുപേരും കാബിനിലേക്ക് കടന്നുവന്ന് എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നുപോയെന്നും അത്യാവശ്യമായി 2000 രൂപ വേണമെന്നും പറഞ്ഞു.
ഈ തുക സിബിയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കാമെന്നും വിശ്വസിപ്പിച്ചു. സിബി 2500 രൂപ പിന്‍വലിക്കുകയും 2000 രൂപ ഇവര്‍ക്ക് കൊടുക്കുകയും ചെയ്തു.
രണ്ടുപേരും ഓട്ടോറിക്ഷയില്‍ കയറി ബീച്ച് ഭാഗത്തേക്കു പോയി. എന്നാല്‍ സിബിയുടെ അക്കൗണ്ടിലേക്ക് പണം ഇവര്‍ അയച്ചില്ല. ഇതേത്തുടര്‍ന്ന് സിബി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരില്‍നിന്ന് ഇരുവരും തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.