ഡിഗ്രി പഠനം, യുട്യൂബ് ചാനൽ, ഇപ്പോൾ കഥയെഴുത്തും; അലി വേറൊരു ലെവലാണ്
Sunday, October 6, 2024 2:13 AM IST
സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട: “അലി...അവൻ വേറൊരു ലെവലാണ്. നമ്മള് ചിന്തിക്കണപോലല്ല. മിണ്ടാനോ പേനപിടിക്കാനോ പറ്റില്ലേലും അവൻ ഫോണിൽ ടൈപ്പ് ചെയ്യണതും വീഡിയോ എഡിറ്റ് ചെയ്യണതുംകണ്ട് ഞങ്ങ്ടെ കിളിപോയിട്ട്ണ്ട്. ആദ്യം അവന്റെ യൂട്യൂബ് ചാനൽ കണ്ടപ്പൊ ഞങ്ങൾ ഞെട്ടിപ്പോയി... ടീച്ചർക്കൊപ്പം കഥ എഴുതുന്നൂന്ന് കേട്ടപ്പൊ ഞങ്ങളാകെ വണ്ടറടിച്ചു...’’ സഹപാഠിയെക്കുറിച്ച് കാർത്തിക് വാചാലനായി.
അസിം അലി അൻവറിനെക്കുറിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ആദ്യവർഷ ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥികൾക്കെല്ലാം വലിയ മതിപ്പാണ്. കൂട്ടുകാരും അധ്യാപകരും അവനെ ഏറെ സ്നേഹിക്കുന്നു; അവൻ തിരിച്ചും.
സെറിബ്രൽ പാൾസി എന്ന ജനിതകവൈകല്യത്തിനു തങ്ങളുടെ മകനെ വിട്ടുകൊടുക്കാതെ, അവന്റെ സ്വപ്നങ്ങൾക്കു ചിറകുവിടർത്താൻ അവസരമൊരുക്കിയ മാതാപിതാക്കളാണ് മാള പള്ളിപ്പുറം ആലങ്ങാട്ടുകാരൻ അൻവർ അലിയും ഭാര്യ ജാസ്മിനും. 28 -ാം വയസിലാണ് ജാസ്മിനു രണ്ടാമത്തെ മകൻ പിറന്നത്. ആദ്യമൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഒന്നരവയസിലാണ് ആദ്യസൂചന ലഭിച്ചത്. അതേക്കുറിച്ച് ജാസ്മിൻ:
“കുഞ്ഞിന് ഇടയ്ക്കു പനിവരാറുണ്ടെങ്കിലും മറ്റൊരു പ്രശ്നവും തോന്നിയില്ലായിരുന്നു. ഒന്നര വയസിൽ ഒരു പനി വന്ന് മാള കമാലിയ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോ. ഡേവിസ് കണ്ടംകുളത്തിയെ കാണിച്ചു. അദ്ദേഹമാണ് കുഞ്ഞിന്റെ തലയ്ക്ക് അല്പം വലിപ്പം കൂടുതലുണ്ടെന്നും സിടി സ്കാൻ ചെയ്യണമെന്നും പറഞ്ഞത്.
അങ്ങനെ എറണാകുളം മെഡിക്കൽ സെന്ററിൽ പോയി. തലച്ചോറിനു ചുറ്റും സിസ്റ്റ് ഉണ്ടെന്നുകണ്ടെത്തി. പിന്നീട് വിവിധ ആശുപത്രികൾ കയറിയിറങ്ങി. മൂന്നാംവയസിൽ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് കുഞ്ഞിയാണ് ഇവനു സെറിബ്രൽ പാൾസിയിലെ ഗ്ലൂട്ടാറിക് ആസിഡ് യൂറിയ ടൈപ്പ് - 1 എന്ന ജനിതകവൈകല്യമാണെന്നും തലച്ചോറ് ചുരുങ്ങിപ്പോയെന്നും കണ്ടെത്തിയത്.
ആദ്യമൊക്കെ സങ്കടം സഹിക്കാനായില്ല. ആളുകളുടെ ചോദ്യങ്ങൾക്കു മറുപടിപറയണ്ടേ എന്നോർത്ത് ബന്ധുവീടുകളിലെ ആഘോഷങ്ങൾക്കുപോലും പോകാൻ മടിയായിരുന്നു. പതിയെപ്പതിയെ ഞാൻ എല്ലാം ഉൾക്കൊണ്ടു, അതിജീവിച്ചു. ഇന്നിപ്പോൾ ആഘോഷങ്ങൾക്കും വിനോദയാത്രകൾക്കുമെല്ലാം ഞങ്ങൾക്കൊപ്പം അലിയും ഉണ്ടാകും.
മൂന്നാം വയസുമുതൽ കല്ലേറ്റുംകരയിലെ നിപ്മറിലാണ് ഫിസിയോതെറാപ്പിയും തുടർചികിത്സയും. കോളജിൽ പോകാത്ത രണ്ടു ദിവസം ഇപ്പോഴും നിപ്മറിലെ സ്പെഷൽ സ്കൂളിൽ പോകുന്നുണ്ട്. ഇപ്പോൾ ഇവിടെവരുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു മോട്ടിവേഷൻ ക്ലാസെടുക്കാൻവരെ ഞാൻ പ്രാപ്തയായി.
നിപ്മറിന്റെ സ്ഥാപകൻ ജോർജ് സാറിന്റെ നിർദേശപ്രകാരം അലിയെ മാള ഗവ. എൽപി സ്കൂളിൽ ഒന്നാംക്ലാസിൽ ചേർത്തു. ചികിത്സാസൗകര്യാർഥം കുടുംബസമേതം കല്ലേറ്റുംകരയിലെ വാടകവീട്ടിലേക്കുമാറി. നാലു വർഷത്തിനുശേഷം അവിടെത്തന്നെ വീടുവച്ചു. കല്ലേറ്റുംകര ഇൻഫന്റ് ജീസസ് എൽപി സ്കൂൾ, ബിവിഎംഎച്ച്എസ്, ആളൂർ എസ്എൻവിഎച്ച്എസ് എന്നിവിടങ്ങളിലായി പ്ലസ്ടു വരെ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ സ്ക്രൈബിനെവച്ചാണ് എഴുതിയത്. ഇപ്പോ അവനെ ക്ലാസിൽ വിട്ടുകഴിഞ്ഞാൽ പോരുംവരെ ഗാർഡനിൽ ഞാൻ ഉണ്ടാകും.
ഇപ്പോൾ ഒരു കഥ എഴുതണമെന്ന അവന്റെ മോഹം യാഥാർഥ്യമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് നിപ്മർ സ്പെഷൽ സ്കൂളിലെ ശ്യാമിലിടീച്ചർ. കമ്യൂണിക്കേഷൻ ബോർഡിലൂടെയും ആംഗ്യങ്ങളിലൂടെയും മുഖചലനങ്ങളിലൂടെയും അവൻ പകരുന്ന ആശയങ്ങൾ ടീച്ചർ എഴുതി അവനെ കാണിച്ചുകൊണ്ടാണ് ഏറെ ശ്രമകരമായ കഥയെഴുത്ത് പുരോഗമിക്കുന്നത്. എന്തായാലും അവൻ വളരെ ഹാപ്പിയാണ്. അവന്റെ സന്തോഷംകാണുമ്പോൾ ഞങ്ങളും...’’
പരിയാരം കെഎസ്ഇബി ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലിചെയ്യുന്ന അൻവർ അലിയും അങ്കമാലി ഡി പോള് കോളജിൽ എംബിഎ രണ്ടാംവർഷവിദ്യാർഥിയായ സഹോദരൻ ഹമീദ് അൻവറും അലിയുടെ മോഹങ്ങൾക്കു വർണങ്ങൾ ചാർത്താൻ കൂടെയുണ്ട്; ഒപ്പം ഒരുപിടി സുഹൃത്തുക്കളും സഹപാഠികളും.