ചിത്രലേഖ അന്തരിച്ചു
Sunday, October 6, 2024 2:13 AM IST
കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ദളിത് സാമൂഹിക പ്രവർത്തക ചിത്രലേഖ (48) അന്തരിച്ചു. അര്ബുദബാധയെ തുടര്ന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു രാവിലെ 10.30 ന് പയ്യാന്പലത്ത് നടക്കും. പയ്യന്നൂർ എടാട്ടെ പരേതനായ ബാബു -ചന്ദ്രിക ദമ്പതികളുടെ മകളാണ്. ഭർത്താവ്: ശ്രീഷ്കാന്ത് (ഓട്ടോ ഡ്രൈവർ). മക്കൾ: മനു, മേഘ. മരുമകൾ: കെ. ജിജീഷ്.
പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് ഓട്ടോ ഓടിച്ചു തുടങ്ങിയത്. സിപിഎം-സിഐടിയു പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്നു ജോലി പലതവണ അവസാനിപ്പിക്കേണ്ടി വന്നു. ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിക്കുകവരെ ചെയ്തു.
സുഹൃത്തുക്കളും പൗരാവകാശ പ്രവർത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിച്ചു. വീടുകയറി ആക്രമണവുമുണ്ടായി. ചിത്രലേഖയ്ക്കും ഭർത്താവ് ശ്രീഷ്കാന്തിനുമെതിരേ സിപിഎം പ്രവർത്തകരുടെ പരാതിയിൽ പോലീസ് പല തവണ കേസെടുക്കുകയും ചെയ്തു.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സിപിഎം എതിരായതെന്നായിരുന്നു ചിത്രലേഖ പറഞ്ഞിരുന്നത്. തീയ്യ സമുദായക്കാരനായ ശ്രീഷ്കാന്തിനെ ദളിത് സമുദായത്തിൽപ്പെട്ട ചിത്രലേഖ വിവാഹം കഴിച്ചതോടെയുണ്ടായ തർക്കങ്ങളെ തുടർന്ന് ശ്രീഷ്കാന്തിന് വടകരയിൽനിന്നു ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു.
സർക്കാർ പദ്ധതി വഴി വാങ്ങിയ ഓട്ടോ ഓടിക്കാൻ ചിത്രലേഖ തുടങ്ങിയതോടെ എടാട്ടെ സിഐടിയു തൊഴിലാളികൾ എതിരായി. വണ്ടി ട്രാക്കിലിടാനോ ആളുകളെ കയറ്റാനോ സമ്മതിച്ചില്ല.
പിന്നാക്ക വിഭാഗത്തിൽപ്പെട്ടതുകൊണ്ട് സിപിഎമ്മും സിഐടിയുവും കാണിക്കുന്ന ജാതിഭ്രഷ്ടാണ് താൻ ഓട്ടോയോടിക്കുന്നതിലുള്ള എതിർപ്പിന് കാരണമായി ചിത്രലേഖ ആരോപിച്ചിരുന്നത്. എന്നാൽ, സ്റ്റാൻഡിലിടാതെ പുറത്ത് പാർക്ക് ചെയ്ത് ഓട്ടോ ഓടിച്ചതാണ് എതിർക്കാൻ കാരണമെന്നായിരുന്നു സിഐടിയുവിന്റെ വിശദീകരണം. ഓട്ടോ പണിമുടക്കിൽ പങ്കെടുക്കാത്തതും എതിർപ്പിനു കാരണമായി.
സിപിഎം ശക്തികേന്ദ്രമായ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 2014-15ൽ നാലു മാസത്തോളം കണ്ണൂർ കളക്ടറേറ്റിന് മുന്പിൽ ചിത്രലേഖ കുടിലുകെട്ടി സമരം നടത്തിയിരുന്നു. പിന്നീട് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്പിലും ആഴ്ചകളോളം സമരം നടത്തി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എടാട്ട് നിന്നു കാട്ടാന്പള്ളിയിലേക്ക് താമസം മാറിയപ്പോൾ 2023ലും ഇവരുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു.
സിഐടിയു-സിപിഎം പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു. കണ്ണൂരിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനുവേണ്ടി പ്രയത്നിക്കുന്നതിനിടയിലാണ് പാൻക്രിയാസ്, കരൾ എന്നിവിടങ്ങളിൽ അർബുദം ബാധിച്ച് ആശുപത്രിയിലായത്.