ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി അന്‍വര്‍
Sunday, October 6, 2024 2:13 AM IST
നിലമ്പൂര്‍: രാഷ്ട്രീയ കരുനീക്കം ശക്തമാക്കി പി.വി. അന്‍വര്‍ എംഎല്‍എ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന സിപിഎം ആരോപണങ്ങളുടെ മുനയൊടിക്കുന്ന നീക്കമാണ് അന്‍വര്‍ നടത്തിയിരിക്കുന്നത്.
അന്‍വറിന്റെ മകന് റിസ്വാന് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്‍വര്‍ ഇന്നലെ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
ബിജെപിക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന ഡിഎംകെ അധ്യക്ഷന്‍കൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേതൃത്വം നല്കുന്ന മുന്നണിയുടെ ഭാഗമാകാനാണ് പി.വി. അന്‍വര്‍ ഒരുങ്ങുന്നത്.
ഡിഎംകെ മുന്നണിയിലൂടെ അന്‍വര്‍ ഇന്ത്യ മുന്നണിയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. തനിക്കെതിരേയുള്ള സിപിഎം ആരോപണം മറികടക്കാന്‍ ഡിഎംകെ സഖ്യത്തിലൂടെ കഴിയുമെന്നും അന്‍വര്‍ കണക്കുകൂട്ടുന്നു.
മഞ്ചേരിയില്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് അന്‍വര്‍. 20,000 പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ഒരുങ്ങുന്നത്. പി.വി.അന്‍വറിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെ രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.
അതേസമയം, പി.വി. അന്‍വറിന്റെ ഡിഎംകെ മുന്നണി പ്രവേശനം തടയാന്‍ സിപിഎമ്മിന് കഴിയില്ല. തമിഴ്നാട്ടില്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ എല്ലാം പാര്‍ട്ടികളും ഡിഎംകെ മുന്നണിയിലാണ്. കൂടാതെ ഇന്ത്യ മുന്നണിയുടെ ഭാഗവുമാണ്. നിലമ്പൂര്‍ മണ്ഡലത്തിന്റെയും പാലക്കാട്, ഇടുക്കി ജില്ലകളുടെയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിൽ ഇത് രാഷ്ട്രീയചലനം ഉണ്ടാക്കാനിടയുണ്ട്.
ഡിഎംകെ മുന്നണിയുടെ ഭാഗമായി അന്‍വറിന്റെ പാര്‍ട്ടി മാറിയാല്‍ സിപിഎം അസംതൃപ്തര്‍ക്ക് അന്‍വറിന്റെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രയാസമാകില്ല. യുഡിഎഫിന് ഡിഎംകെ മുന്നണിയുടെ ഭാഗമായി അന്‍വര്‍ എത്തിയാല്‍ എതിര്‍ക്കാനും കഴിയില്ല.
സിപിഎമ്മിന്റെ തന്ത്രങ്ങളെ മറികടക്കുന്ന ചാണക്യനീക്കമാണ് പി.വി. അന്‍വര്‍ നടത്തിയിരിക്കുന്നത്.
വന്യമൃഗശല്യം, ഇഎസ്എ വിഷയങ്ങള്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് നല്‍കിയതിലെ സിപിഎം എതിര്‍പ്പ് എന്നിവ പി.വി. അന്‍വര്‍ ഉയര്‍ത്തിക്കാട്ടിയത് ഏറെ ശ്രദ്ധയോടെ നടത്തിയ രാഷ്ട്രീയ കരുനീക്കമായും എതിര്‍വിഭാഗം വിലയിരുത്തുന്നു.