ചൈനയിൽനിന്നുള്ള കപ്പൽയാത്രയിൽ യുവാവിനെ കാണാതായി
Sunday, October 6, 2024 2:13 AM IST
രാജപുരം(കാഞ്ഞങ്ങാട്): മാലക്കല്ല് സ്വദേശിയായ യുവാവിനെ ചൈനയിൽനിന്നുള്ള കപ്പൽ യാത്രയ്ക്കിടെ കാണാതായി.
മാലക്കല്ല് അഞ്ചാലയിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കുഞ്ചറക്കാട്ട് കെ.എം. ആന്റണിയുടെയും പനത്തടി സർവീസ് സഹകരണബാങ്ക് മാനേജർ എം.വി.ബീനയുടെയും മകൻ ആൽബർട്ട് ആന്റണിയെയാണ് (22) കാണാതായത്.
സിനർജി മാരിടൈം ഗ്രൂപ്പിന്റെ എംവി ട്രൂ കോൺറാഡ് ചരക്ക് കപ്പലിലെ ട്രെയിനിംഗ് കേഡറ്റാണ് ആൽബർട്ട്. ചൈനയിൽനിന്ന് ചരക്കെടുക്കാനായി ബ്രസീലിലേക്ക് പോവുകയായിരുന്ന കപ്പലിൽ
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കൊളംബോയിൽ നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതാകുന്നത്. അന്ന് വൈകുന്നേരത്തോടെ ഇതേ കന്പനിയിലെ കാസർഗോഡ് സ്വദേശിയായ ജീവനക്കാരനാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ വിവരമറിയിച്ചത്.
സംഭവസ്ഥലത്ത് മൂന്നു കപ്പലുകൾ തെരച്ചിൽ നടത്തുന്നുണ്ട്. വിവരമറിഞ്ഞ് സഹോദരൻ അബി ദുബായിൽനിന്ന് നാട്ടിലെത്തി. മറ്റൊരു സഹോദരൻ അമൽ കാനഡയിലാണ്. മാലക്കല്ല് ഇൻഫന്റ് ജീസസ് ഇടവകയിലെ കെസിവൈഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു.