ലൈംഗികാതിക്രമ കേസ്: ചോദ്യംചെയ്യലിനു ഹാജരാകാമെന്ന് സിദ്ദിഖ്
Sunday, October 6, 2024 2:13 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് അറിയിച്ചു നടന് സിദ്ദിഖ് അഭിഭാഷകന് മുഖേന പ്രത്യേക അന്വേഷണസംഘത്തിന് ഇ-മെയില്‍ അയച്ചു.
സിദ്ദിഖ് സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ നോട്ടീസ് നല്കി വിളിച്ചുവരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വൈകാതെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.
അതേസമയം, സുപ്രീംകോടതി അടുത്ത തവണ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്പോള്‍ കേസുമായി സഹകരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനുള്ള സിദ്ദിഖിന്റെ നീക്കമാണിതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അവസരം വാഗ്ദാനം ചെയ്ത് 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.
ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിദ്ദിഖിനായി പോലീസ് തെരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു.