സിനിമാഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടുകൊന്പനെ കണ്ടെത്തി
Sunday, October 6, 2024 2:13 AM IST
കോതമംഗലം: തുണ്ടത്ത് സിനിമാഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റു ഭയന്നോടി കാടുകയറിയ "പുതുപ്പള്ളി സാധു'വെന്ന നാട്ടുകൊന്പനെ ആശങ്കകൾക്കൊടുവിൽ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി.
പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. കണ്ടെത്തുന്പോൾ ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും പിണ്ടവും ശ്രദ്ധിച്ചു നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ആനയെ കണ്ടെത്തിയത്.
തൃശൂരിൽനിന്നെത്തിയ എട്ടംഗ എലഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേഞ്ച് ഓഫീസർ കെ. അരുണ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആനപ്പാപ്പാന്മാരും അടങ്ങുന്ന 50 അംഗ സംഘമാണ് ഇന്നലെ പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന കാട്ടാനക്കൂട്ടത്തിനു മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു.
കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാലാണ് ആന ഉൾക്കാട്ടിലേക്കു നീങ്ങാതിരുന്നതെന്നാണ് വിലയിരുത്തൽ. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ മരപ്പാലത്തിനു സമീപം കൂവപ്പാറ ഭാഗത്ത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ഷൂട്ടിംഗിനെത്തിച്ച നാട്ടുകൊന്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്.
തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച "തടത്താവിള മണികണ്ഠനും' "പുതുപ്പള്ളി സാധുവും' തമ്മിലാണ് കൊന്പുകോർത്തത്. രണ്ടാനകളും വിരണ്ടു കാട്ടിലേക്ക് ഓടി. ഇതിൽ "തടത്താവിള മണികണ്ഠ’നെ അധികം വൈകാതെ കണ്ടെത്തിയിരുന്നു.
ആനകൾ വിരണ്ടതോടെ ഷൂട്ടിംഗ് താത്കാലികമായി അവസാനിപ്പിച്ചു സംഘം മടങ്ങി. മൂന്ന് പിടിയാനകളെയും രണ്ട് കൊന്പന്മാരെയുമാണ് ഷൂട്ടിംഗിന് എത്തിച്ചിരുന്നത്. ചങ്ങലകൾ അഴിച്ചുമാറ്റി സീൻ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആനകൾ കൊന്പുകോർത്തത്.
കാട്ടിൽനിന്നു കണ്ടെത്തിയ "സാധു'വിന് ഭക്ഷണവും വെള്ളവും കൊടുത്ത് എലഫന്റ് ആംബുലൻസിൽ സ്ഥലത്തുനിന്ന് കൊണ്ടുപോയി. ആനയുടെ ഉടമ പോത്തൻ വർഗീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.