എടിഎം കവർച്ച: പ്രതികളെ തൃശൂരിലെത്തിച്ചു; തെളിവെടുപ്പ് ഇന്നുമുതൽ
Saturday, October 5, 2024 6:12 AM IST
തൃശൂർ: ജില്ലയിൽ മൂന്നിടത്ത് എടിഎം കവർച്ച നടത്തിയ കേസിലെ പ്രതികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇന്നലെ ഉച്ചയോടെ തൃശൂരിൽ എത്തിച്ചു. ഇന്നുമുതൽ തെളിവെടുപ്പ് ആരംഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.
തൃശൂരിലെ കവർച്ചയ്ക്കുശേഷം തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ട കവർച്ചാസംഘത്തെ നാമക്കലിൽ തമിഴ്നാട് പോലീസാണ് ഏറ്റുമുട്ടലിലൂടെ പിടികൂടിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും പോലീസുകാരടക്കം മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പണം കവർച്ച ചെയ്യുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാന പൽവാൽ ജില്ലക്കാരായ തെഹ്സിൽ ഇർഫാൻ, മുബാറക് ആദം, മുഹമ്മദ് ഇക്രാം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരെയാണു തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി തൃശൂരിൽ എത്തിച്ചത്. തൃശൂർ ടൗണ് ഈസ്റ്റ് എസ്ഐ വിപിൻ നായരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്നാട്ടിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ 9.30 ന് പ്രതികളെ വിട്ടുകിട്ടി. കനത്ത സുരക്ഷയിൽ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പ്രതികളെ തൃശൂരിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകി.
നാലാമതൊരു എടിഎമ്മും ലക്ഷ്യമിട്ടിരുന്നു
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കൊള്ള നടത്തിയ സംഘം നാലാമതൊരു എടിഎമ്മും കവർച്ച ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ചേർപ്പിലുള്ള എസ്ബിഐയുടെ എടിഎമ്മാണു കൊള്ളയടിക്കാൻ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ഇവിടെ ആൾപ്പെരുമാറ്റം കണ്ടതിനെത്തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.