സംസ്ഥാന കാർഷിക ബാങ്ക് ഭരണസമിതി തിരികെ ചുമതലയേറ്റെടുത്തു
സ്വന്തം ലേഖകൻ
Saturday, October 5, 2024 6:12 AM IST
തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരികെ ചുമതലയേറ്റെടുത്തു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സർക്കാർനടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സി.കെ. ഷാജി മോഹനന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അനുകൂല ഭരണസമിതി തിരികെ ചുമതലയേറ്റെടുത്തത്.
അഴിമതിയോ ആക്ഷേപമോ കണ്ടെത്താൻ കഴിയാതെ 35 കോടി രൂപയുടെ ലാഭം നേടിയ ബാങ്ക് ഭരണസമിതിയെ ഇല്ലാത്ത ഭരണസ്തംഭനത്തിന്റെ പേരു പറഞ്ഞാണ് പിരിച്ചുവിട്ടതെന്ന് ഷാജി മോഹൻ ആരോപിച്ചു. കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ 225 കോടി രൂപയുടെ നബാർഡ് വായ്പ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കുന്നതിനിടെയാണ് കാർഷിക ബാങ്ക് ഭരണസമിതിയെ പിരിച്ചു വിട്ടു ഭരണാനുകൂല രാഷ്ട്രീയ സംഘടനയിൽപ്പെട്ടവരെ അഡ്മിനിസ്ട്രേറ്റർമാരായി നിയമിച്ചത്.
സംഘങ്ങൾ പിടിച്ചെടുത്തു കൊള്ളയടിക്കുന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമായുള്ള നടപടിയാണിത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണസമിതിക്കും പ്രസിഡന്റിനും ഒരു അറിയിപ്പുപോലും നൽകാതെയാണ് പിരിച്ചുവിട്ടത്. ധാർമികത ഇല്ലാത്ത നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള തുകയിൽ 50 കോടി രൂപ നബാർഡ് സാങ്കേതികമായി അനുവദിച്ചിരുന്നു. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഏതാണ്ട് അന്തിമഘട്ടത്തിലാണ്. ഇത്തരം നടപടികൾ നടക്കുന്പോൾ ഭരണസ്തംഭനമുണ്ടെന്നു പറയാനാകില്ല. വാഗ്ദാനം ചെയ്ത 225 കോടിയിൽ 100 കോടി രൂപ കൂടി വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ ബാങ്ക് നൽകിയിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള ബാങ്ക് നീക്കത്തിന് സർക്കാർ പലതരം തടസം സൃഷ്ടിക്കുന്നു. 100 കോടിയുടെ പുനരധിവാസ പദ്ധതിക്കായി പൊതുയോഗത്തിൽ സപ്ലിമെന്ററി ബജറ്റ് തയാറാക്കാനുള്ള നീക്കത്തിനിടെയാണ് പൊതുയോഗം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 14 അംഗ ബാങ്ക് ഭരണസമിതിയിൽ 11 പേരും യുഡിഎഫ് അനുകൂല പ്രതിനിധികളാണ്. ഇടതു പ്രതിനിധികളായ മൂന്നു പേരിൽ ഒരാൾ മാത്രമാണ് തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് എത്തിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മറ്റു രണ്ടു പേരെ നാമനിർദേശം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.