ഇഎസ്എ കരട് വിജ്ഞാപനം: അന്തിമമാക്കുന്നത് ഒരു മാസത്തേക്കു തടഞ്ഞു
Saturday, October 5, 2024 6:58 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി ലോല മേഖലയില്‍പ്പെടുത്തി സംസ്ഥാനത്തെ 131 വില്ലേജുകളില്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അന്തിമമാക്കുന്നത് ഒരു മാസത്തേക്കുകൂടി ഹൈക്കോടതി തടഞ്ഞു. നേരത്തെ ഈ മാസം നാലു വരെ തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വിശദീകരണം നല്കാന് ഒരു മാസം സമയംകൂടി അനുവദിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസ് വി.ജി. അരുണ്‍ മുന്‍ ഉത്തരവ് നീട്ടിയത്. പൂഞ്ഞാര്‍ സ്വദേശി തോംസണ്‍ കെ. ജോര്‍ജ്, തീക്കോയി സ്വദേശി ടോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ജൂലൈ 31 നാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തിന്റെ മലയാളം പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട കക്ഷികളെ കേട്ടു വേണം പരിസ്ഥിതി ലോല മേഖലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേരള ജൈവ വൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതായി വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും ലഭ്യമല്ലെന്ന് ഹര്‍ജിക്കാര്‍ ഇന്നലെ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി മാറ്റി.