ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Sunday, October 6, 2024 2:13 AM IST
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്‍ സമര്‍പ്പിക്കുന്നതിനും പാസാക്കുന്നതിനുമായി ഇറക്കിയ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തി.
പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഉത്തരവിലൂടെ അധ്യാപകരുടേത് ഉള്‍പ്പെടെയുള്ള ശമ്പളം വൈകാന്‍ ഇടയാക്കുമെന്നു ഇവര്‍ അഭിപ്രായപ്പെട്ടു.
ഇതിനു പിന്നാലെ ഭരണപക്ഷ അധ്യാപക സംഘടനയും രംഗത്തെത്തി. പുതിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ അനുകൂല സംഘടനയായ കേരളാ ടീച്ചേഴ്സ് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു രംഗത്തെത്തി.
പുതിയ ഉത്തരവ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. നിലവില്‍ പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഉത്തരവാദിത്തത്തില്‍ തുടര്‍ന്നുവന്നിരുന്ന നടപടിക്രമങ്ങള്‍ക്ക് പകരമായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയും അംഗീകാരവും നിര്‍ബന്ധമാക്കുന്ന പുതിയ രീതി അനാവശ്യ കാലതാമസം സൃഷ്ടിക്കും.
ഇത് ശമ്പളം വൈകുന്നതിന് കാരണമാകുകയും ചെയ്യും. പഴയ രീതിയിലുള്ള സംവിധാനം പുനസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്കി.