"കീരിക്കാടൻ' അരങ്ങൊഴിഞ്ഞു ; നടൻ മോഹൻ രാജ് അന്തരിച്ചു
സ്വന്തം ലേഖകൻ
Friday, October 4, 2024 5:48 AM IST
വിഴിഞ്ഞം: മലയാള സിനിമയിൽ വേറിട്ട രീതിയിൽ വില്ലൻ കഥാപത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ "കീരിക്കാടൻ ജോസ്' എന്ന മോഹൻ രാജ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
ഏഴ് വർഷമായി മറവി രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരുന്ന മോഹൻ രാജ് അടുത്തകാലത്താണ് നാട്ടിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമയിൽ വേഷമിട്ടു. ആൺകളെ നൻപാതെ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. മോഹൻലാലിന്റെ കിരീടം എന്ന സിനിമയിലൂടെ എത്തിയ മോഹനരാജൻ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ കയറിപ്പറ്റി. തുടർന്ന് നരസിംഹം, ദേവാസുരം അങ്ങനെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലെ സാന്നി ധ്യമായിരുന്നു. അഞ്ച് വർഷത്തെ സൈനിക സേവനത്തിനു ശേഷം കസ്റ്റംസ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായി. തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെന്നൈ യൂണിറ്റിൽ ഓഫീസറായി പ്രവേശിച്ച് അസിസ്റ്റന്റ് ഡയറക്ടർ പദവിയിൽ 1989-ൽ വിരമിച്ചു.
ഭാര്യ: ഉഷ മോഹൻ (ചെന്നൈ ബ്രാഞ്ചിലെ ഹഡ്കോ ജീവനക്കാരിയാണ്). മക്കൾ: ജേഷ്മമോഹൻ (കാനഡ), കാവ്യ മോഹൻ(ചെന്നൈയിൽ ബിടെക് വിദ്യാർഥിനി). സഹോദരങ്ങൾ: ചന്ദ്രൻ, ശിവപ്രസാദ്, ജയകുമാർ, പരേതനായ പ്രേംലാൽ.
കാഞ്ഞിരംകുളം സുകുമാർ നികേതനിൽ സുകുമാരന്റെയും പങ്കജാക്ഷിയുടെയും അഞ്ച് മക്കളിൽ രണ്ടാമനായിരുന്നു മോഹൻ രാജ്. കാഞ്ഞിരംകുളം പികെഎച്ച്എസിൽ പത്താം ക്ലാസ് പഠനശേഷം തിരുവനന്തപുരം ആർട്സ് കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പാസായി. തുടർന്ന് ഇന്ത്യൻ ആർമിയിൽ ജോലിയിൽ പ്രവേശിച്ചു.