ഓണ്‍ലൈന്‍ തട്ടിപ്പ്: 99 ലക്ഷം തട്ടി, മൂന്നുപേര്‍ അറസ്റ്റില്‍
Saturday, October 5, 2024 6:36 AM IST
ചങ്ങനാശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തെക്കേപ്പുറം മാറാപ്പിന്റേൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ബാബ മുസ്ലിയാരകത്ത് ബി.എം. ബഷീർ (34), വീട്ടിനകത്ത് ഹഫ്സല്‍ റഹ്മാൻ (അബി- 38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിംഗ് എന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയശേഷം ഇതിലൂടെ ട്രേഡിംഗ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭവീതം കിട്ടുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്കനിൽനിന്നും പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം തിരികെ കിട്ടാതിരുന്നതിനെത്തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കി.