ചരിത്രമായി തോമസ് ചെറിയാൻ; അന്ത്യാഞ്ജലി അർപ്പിക്കാൻ നാട് ഒഴുകിയെത്തി
ബിജു കുര്യൻ
Saturday, October 5, 2024 6:12 AM IST
പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഹിമാചലിലെ റോത്തോങ്ങിലെ മഞ്ഞുമലയില്‍ വിമാനം തകര്‍ന്നു മരിച്ച സൈനികന് ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ ഭൗതികശരീരം ജന്മാടായ ഇലന്തൂരിലെ മാതൃദേവാലയത്തിലെ കല്ലറ ഏറ്റുവാങ്ങി. മരണം നടന്ന് അഞ്ചര പതിറ്റാണ്ടിനുശേഷം ഒരു നിയോഗം പോലെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തിയ തോമസ് ചെറിയാന് അന്തിമോപചാരം അർപ്പിക്കാൻ നാട് ഒന്നടങ്കം ഒഴുകി എത്തുകയായിരുന്നു.
എത്തിയവരിൽ നല്ലൊരു പങ്കും ഈ ഭൂമിയിൽ ജനിക്കുന്നതിനു മുന്‍പേ തോമസ് ചെറിയാനെ മരണം തട്ടിയെടുത്തിരുന്നുവെന്നത് സമാനതകളില്ലാത്ത മറ്റൊരു കാഴ്ചയുമായി. സേനയുടെയും സംസ്ഥാന സർക്കാരിന്റെയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിച്ച മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചശേഷം ഇന്നലെ രാവിലെയാണ് ജന്മനാടായ ഇലന്തൂരിലേക്ക് എത്തിച്ചത്. ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ പൗരാവലിയും ജനപ്രതിനിധികളും ചേർന്ന് മൃതദേഹ പേടകം ഏറ്റുവാങ്ങി. കരസേനയുടെ പ്രത്യേക വാഹനത്തിൽ സേനാംഗങ്ങളുടെ അകന്പടിയിലാണ് മൃതദേഹം കൊണ്ടുവന്നത്. തോമസ് ചെറിയാന്റെ സഹോദരന് ഇലന്തൂർ ഒടാലിൽ പരേതനായ തോമസ് മാത്യുവിന്റെ മകന് ഷൈജുവിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. ജീവിതത്തിന്റെ വിവിധതുറകളിൽ പെട്ടവർ ഭവനത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഭവനത്തിലെ ശുശ്രൂഷയ്ക്കും തുടർന്ന് പോലീസ് നൽകിയ ഗാർഡ് ഓഫ് ഓണറിനുംശേഷം വിലാപയാത്ര പള്ളിയിലേക്ക് നടന്നു.
ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം സൈന്യം സഹപ്രവർത്തകന് അന്തിമോപചാരം അർപ്പിച്ചു. ദേവാലയത്തിനു പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് മൃതദേഹപേടകം വച്ചുകൊണ്ടാണു ചടങ്ങുകൾ നടന്നത്. കരസേനയുടെ വിവിധ റെജിമെന്റുകളും എൻസിസി അടക്കമുള്ള സേനവിഭാഗങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
അന്തിമോപചാര ചടങ്ങുകൾക്കുശേഷം ദേവാലയ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ കല്ലറയ്ക്കരികിലേക്ക് തോമസ് ചെറിയാന്റെ മൃതദേഹം നീക്കി. അവിടെ അവസാനഘട്ട ചടങ്ങുകൾ പൂർത്തിയാക്കി ആകാശത്തേക്ക് വെടി ഉതിർത്തശേഷം ദേശീയ പതാക മൃതദേഹത്തിൽനിന്നു നീക്കി ബന്ധുക്കളെ ഏല്പിച്ചു. തുടർന്ന് പ്രാർഥനകൾക്കുശേഷം മൃതദേഹം കല്ലറയിലേക്ക് വച്ചു.