ചട്ടലംഘനമെന്നു ഡിജിപിയുടെ റിപ്പോർട്ട്
സ്വന്തം ലേഖകൻ
Saturday, October 5, 2024 6:58 AM IST
തിരുവനന്തപുരം: അധികാര സ്ഥാനങ്ങളില്ലാത്ത ആർഎസ്എസ്എസ് ദേശീയ നേതാക്കളെ അതീവ രഹസ്യമായി ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ സന്ദർശിച്ചതിൽ വീഴ്ച പറ്റിയെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്.
ഔദ്യോഗിക വാഹനം പോലും ഒഴിവാക്കി ചില സംസ്ഥാന ആർഎസ്എസ് നേതാക്കളുടെ സ്വകാര്യ വാഹനത്തിൽ തൃശൂരിലും കോവളത്തുംവച്ച് ആർഎസ്എസിന്റെ രണ്ട് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഭാഗത്തു സിവിൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനമുണ്ടായെന്നും ഡിജിപി ഷെയ്ക് ദർബേഷ് സാഹിബിന്റെ റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
നേതാക്കളെ സ്വകാര്യമായി കണ്ട് പരിചയപ്പെടാനാണ് പോയതെന്ന എഡിജിപിയുടെ വാദം ഡിജിപി തള്ളിയിട്ടുണ്ട്. രാഷ്ട്രീയചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ഐപിഎസുകാർക്ക് പെരുമാറ്റച്ചട്ടത്തിൽ വിലക്കുണ്ട്.
ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണു വിവരം. അന്വേഷണറിപ്പോർട്ട് അന്തിമമാക്കാൻ ഡിജിപിയുടെ ചേംബറിൽ ഇന്നലെ എട്ടുമണിക്കൂറോളം യോഗംചേർന്നു. ഐജി. സ്പർജ്ജൻകുമാർ, ഡിഐജി തോംസണ്ജോസ്, എസ്പിമാരായ മധുസൂദനൻ, ഷാനവാസ് എന്നിവരും പങ്കെടുത്തു.
നേതാക്കളുമായുള്ള പരിചയം ക്രമസമാധാനപാലനത്തിന് ഗുണകരമാവുമെന്നും വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു അജിത്കുമാർ ഡിജിപിക്ക് മൊഴി നൽകിയത്. എന്നാൽ, ഔദ്യോഗിക സ്വഭാവമുള്ള കാര്യങ്ങളിൽ ഒളിച്ചുപോകേണ്ടതില്ലെന്നാണ് ഡിജിപിയുടെ വാദം.
അജിത്കുമാറിനു പകരം വെങ്കിടേഷ് വന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റുന്പോൾ, പകരം ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു സാധ്യത.
എന്നാൽ, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസുകൾ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റരുതെന്ന അഭിപ്രായവുമുണ്ട്. അങ്ങനെയെങ്കിൽ ജയിൽ എഡിജിപി ബൽറാംകുമാർ ഉപാധ്യായയുടെ പേരും ക്രമസമാധാന ചുമതലയിൽ നിയമിക്കുന്ന കാര്യത്തിൽ സജീവ പരിഗണനയിലുണ്ട്. വെങ്കിടേഷിനെ ക്രമസമാധാനപാലനത്തിലേക്കു മാറ്റിയാൽ ബൽറാംകുമാർ ഉപാധ്യായ ക്രൈംബ്രാഞ്ച് ചുമതലയിൽ എത്തും.
അജിത്കുമാർ അവധിയിൽ പോയിരുന്ന സമയത്ത് വെങ്കിടേഷിനായിരുന്നു ക്രമസമാധാന എഡിജിപിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.