അടുത്തവർഷം മുതൽ മിമിക്രിയും; കൂടുതല്‍ ഇനങ്ങള്‍ ഉൾക്കൊള്ളിക്കും: ഭിന്നശേഷി കമ്മീഷണര്‍
Sunday, October 6, 2024 2:13 AM IST
കണ്ണൂര്‍: സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ.പി.ടി. ബാബുരാജ്. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന്റെ സമാപന ദിവസം കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം.
2018ലെ മാന്വല്‍ പ്രകാരമാണ് നിലവില്‍ സ്പെഷല്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇതില്‍ മാറ്റമുണ്ടാകും. അതോടൊപ്പംതന്നെ മിമിക്രി ഉള്‍പ്പെടെ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും.
ഇത്തവണത്തെ കലോത്സവത്തില്‍ വിരലിലെണ്ണാവുന്നത്രയും അപ്പീലുകള്‍ മാത്രമേ വന്നിട്ടുള്ളൂ. ആരോടും മത്സരങ്ങളില്ലാത്ത കലകളുടെ മേള യാഥാർഥത്തില്‍ നടക്കുന്നത് സ്പെഷല്‍ സ്കൂള്‍ കലോത്സവങ്ങളിലാണ്. ഇവിടെ ആര്‍ക്കും ആരോടും മത്സരങ്ങളില്ല, ഉന്തും തള്ളലുമില്ല.
ചില പരിഭവങ്ങളുണ്ടായാല് പോലും അത് അടുത്ത നിമിഷം ഇല്ലാതാകും. യാതൊരുവിധ പരിമിതികളുമില്ലാത്തവരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരേക്കാള് എത്രയോ വലിയ പ്രതിഭകളെയാണ് സ്പെഷല്‍ സ്കൂളുകളില്‍ കാണാന്‍ സാധിക്കുക.
അവരുടെ പരിമിതികള്‍ കൃത്യമായി കണ്ടെത്തി, കൃത്യമായ വിദ്യാഭ്യാസവും പരിശീലനവും നല്കിക്കഴിഞ്ഞാല് അവരെത്രയോ ഉയരങ്ങള്‍ കീഴടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നമ്മുടെ ഒരു പിഴവു കൊണ്ടും ഇവര്‍ക്ക് ഒരു അവസരവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.