കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്: ചികിത്സയ്ക്ക് പണമില്ലാതെ നിക്ഷേപകൻ
Sunday, October 6, 2024 2:13 AM IST
ഇരിട്ടി: സിപിഎം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകൻ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ. 2016ൽ എട്ടു ലക്ഷം രൂപ നിക്ഷേപിച്ച സിപിഎം അനുഭാവിയായ ഉളിക്കൽ എകെജി നഗറിലെ ഇ.കെ. ബാലനാണ് ചികിത്സയ്ക്കു പണമില്ലാതെ കഷ്ടത്തിലായിരിക്കുന്നത്. കിഡ്നി രോഗിയാണ് ബാലൻ.
രോഗം മൂർച്ഛിച്ചതോടെ ചികിത്സാ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയപ്പോൾ ബാങ്ക് അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് മരപ്പണിക്കാരനായ ബാലൻ പറയുന്നത്.
നാളിതുവരെ പലിശ ഇനത്തിൽ ഇദ്ദേഹത്തിന് ലഭിച്ചത് രണ്ടു ലക്ഷം രൂപ മാത്രമാണ്. മുതലും പലിശയും ചേർത്ത് 13 ലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കാനുണ്ടെന്നാണ് ബാലൻ പറയുന്നത്.
ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ അസുഖങ്ങൾകൂടി പിടിപെട്ടതോടെയാണ് ചികിത്സാ ആവശ്യങ്ങൾക്ക് പണത്തിനായി ബാങ്കിനെ സമീപിച്ചത്.
രണ്ടുവർഷത്തിനുശേഷം തുക തിരികെ നൽകാമെന്ന വിചിത്രമായ മറുപടിയാണ് ബാങ്ക് അധികൃതർ നൽകിയതെന്ന് ബാലൻ പറയുന്നു.
എസ്ബിടി ഉളിക്കൽ ശാഖയിൽ നിക്ഷേപിച്ചിരുന്ന പണം കൂടുതൽ പലിശ നൽകാമെന്ന് മോഹിപ്പിച്ചാണ് കോളിത്തട്ട് ബാങ്കിലേക്ക് മാറ്റിച്ചത്. എസ്ബിടിയിൽനിന്ന് വന്ന മെസേജ് കോളിത്തട്ട് ബാങ്കിലെ ജീവനക്കാരനെ കാണിച്ചതായും ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ബാലൻ പറഞ്ഞു.