ആകാശവാണിയുടെ ജനപ്രിയ വാർത്താ അവതാരകൻ എം. രാമചന്ദ്രന് അന്തരിച്ചു
Sunday, October 6, 2024 2:13 AM IST
തിരുവനന്തപുരം: ആകാശവാണിയുടെ മുന്‍ വാര്‍ത്താ അവതാരകന് എം. രാമചന്ദ്രന് അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയായ മുടവന്മുഗള് ടിസി 19/20691, വാണിയത്ത് വീട്ടിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു രാവിലെ 12ന് തൈക്കാട് ശാന്തികവാടത്തില്‍. മുടവൻമുഗളിലെ വസതിയിൽ നിന്നും രാവിലെ 10.30 ഓടെ മൃതദേഹം പൊതുദർശനത്തിനായി തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ എത്തിക്കും. 11.30 വരെ പൊതു ദർശനം.
വാര്‍ത്ത അറിയുന്നതിനായി റേഡിയോയെ മലയാളികള്‍ ആശ്രയിച്ചിരുന്ന കാലത്ത് വാര്‍ത്താ വായനയില്‍ പുതിയ ശൈലി കൊണ്ടുവന്ന പ്രതിഭാശാലിയായിരുന്നു രാമചന്ദ്രന്. ‘ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്’ എന്ന ലളിതസുന്ദര ശബ്ദത്തില്‍ ആരംഭിച്ച് അല്പം നാടകീയതയോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ശ്രോതാക്കളുടെ പ്രീതി പിടിച്ചു പറ്റി.
വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് പുറമേ, ലോകമെമ്പാടുമുള്ള കൗതുകകരമായ വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയുംകുറിച്ചുള്ള പ്രത്യേക ബുള്ളറ്റിനായ കൗതുകവാര്‍ത്തകളും അദ്ദേഹം അവതരിപ്പിച്ചു.
കൗതുക വാര്‍ത്തകളും ജില്ലാ വൃത്താന്തവും വാര്ത്താതരംഗിണിയും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ആശയത്തില്‍ പിറവികൊണ്ട വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കായി മലയാളി കാതോര്‍ത്തു.
കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കേ കോളജില്‍ നടത്തിയ വാര്‍ത്താ വായന മത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം വാര്‍ത്തകളുടെ ലോകത്തേക്ക് ചുവടുവച്ചത്.
പില്ക്കാലത്ത് ജോലി നേടി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ സേവനത്തിനു ശേഷമാണ് രാമചന്ദ്രന് ആകാശവാണിയില്‍ ചേര്‍ന്നത്.
1980കളിലും 90കളിലും ഏറ്റവും ജനപ്രിയ ശബ്ദങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. ആകാശവാണിയുടെ ഡല്‍ഹി യൂണിറ്റിലാണ് രാമചന്ദ്രന് റേഡിയോ ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് പുതുതായി ആരംഭിച്ച യൂണിറ്റിലേക്ക് മാറി. അവിടെ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം രാമചന്ദ്രന് ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ചേര്‍ന്നു.
ആകാശവാണിയില്‍നിന്ന് വിരമിച്ച ശേഷം മിഡില്‍ ഈസ്റ്റിലെ ചില എഫ്എം സ്റ്റേഷനുകളിലും അദ്ദേഹം ജോലി ചെയ്തു. ഭാര്യ: പരേതയായ വിജയലക്ഷ്മി (കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍). മക്കൾ: ദീപ, ജയദീപ്(ദുബായ്). മരുമക്കൾ: എസ്. ഉദയകുമാർ, മീര.