കുറി തൊടാന്‍ ഫീസ് : ദേവസ്വം ബോര്‍ഡിന് കോടതി വിമർശനം
Saturday, October 5, 2024 6:01 AM IST
കൊച്ചി: കുറി തൊടാന്‍ പണപ്പിരിവ് നടത്തുന്നതിന് ടെൻഡര്‍ വിളിച്ച ദേവസ്വം ബോര്‍ഡ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. എരുമേലി ശ്രീധര്‍മ ശാസ്ത ക്ഷേത്രം നടപ്പന്തലില്‍ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് വയ്ക്കാനുള്ള അവകാശം ടെൻഡര്‍ ചെയ്തു നല്‍കുന്നതിനെതിരായ ഹർജി പരിഗണിക്കവേയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ കോടതി വിമര്‍ശിച്ചത്.
മനോജ് എസ്. നായര്‍, അരുണ്‍ സതീഷ് എന്നിവര്‍ ഹര്‍ജി നല്‍കിയത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും സൗജന്യമായി നല്കുന്ന ചന്ദനവും കുങ്കുമവും ഭസ്മവും ഉപയോഗിച്ചാണു ഭക്തര്‍ കുറി തൊടുന്നത്. ഇതിനു പകരമായി ഭൂരിപക്ഷം ഭക്തരും ക്ഷേത്ര ഭണ്ഡാരത്തില് പണം ഇടാറുമുണ്ട്. എരുമേലിയില്‍ ഈ തുക ദേവസ്വം ബോര്‍ഡിനാണു ലഭിക്കുന്നത്.
നടപ്പന്തലിനടുത്തും സമീപത്തും ഈ സൗകര്യമൊരുക്കി കൂടുതല്‍ വരുമാനം ബോര്‍ഡിന് സമ്പാദിക്കാമെന്നിരിക്കെയാണ് ഇതിനായി തട്ട് വയ്ക്കാന്‍ സ്വകാര്യകക്ഷികള്‍ക്ക് അവസരം നല്കി ആചാരത്തെ കച്ചവടവത്കരിക്കുന്നത്. ഇതിനായി ഓഗസ്റ്റ് 15ന് ടെൻഡര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 21 നായിരുന്നു ടെൻഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതിനെതിരേ ദേവസ്വം കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.