ഗോകുലം ഗോപാലനെ ആദരിക്കുന്നു
Saturday, October 5, 2024 3:57 AM IST
കോഴിക്കോട്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ മലബാറിലെ പൗരാവലിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി ആദരിക്കുന്നു. 25, 26 തീയതികളില്‍ സ്വപ്നനഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററിലാണു പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാന്, പി.എസ്. ശ്രീധരന്‍പിള്ള, സി.വി. ആനന്ദബോസ്, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ‘സുകൃതപഥം' എന്നു പേരിട്ട പരിപാടിയില്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗോകുലം ഗോപാലന് എണ്‍പതിന്റെ നിറവിലാണ്. കര്‍മമണ്ഡലത്തില്‍ 55 വര്‍ഷം പിന്നിടുകയാണ്. കൈവച്ച മേഖലകളിലെല്ലാം വിജയകിരീടമണിഞ്ഞ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
ആദരിക്കല്‍ പരിപാടിയുടെ ഭാഗമായി 25ന് രാവിലെ മുതല്‍ 26ന് ഉച്ചവരെ കാലിക്കട്ട് ട്രേഡ് സെന്ററില്‍ ബിസിനസ് കോണ്‍ക്ലേവ് നടക്കും. 25ന് വൈകുന്നേരം ആറിനു സൗഹൃദ സംഗമവും ‘ഡിന്നര്‍ വിത്ത് ഗോപാലേട്ടന്’ എന്ന പരിപാടിയും നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
26ന് വൈകുന്നേരം ആറിനു നടക്കുന്ന ആദരസന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എ. യൂസഫലി, മോഹന്‍ലാല്‍, മമ്മൂട്ടി. ശശി തരൂര്‍ എംപി, അമിതാഭ് കാന്ത് എന്നിവരും സംബന്ധിക്കും.
വര്‍ക്കിംഗ് ചെയര്മാന് എ.കെ. പ്രശാന്ത്, വൈസ് ചെയര്മാന് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ജനറല്‍ കൺവീനര്‍ രവീന്ദ്രന് പൊയിലൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.