കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഇന്നു മുതൽ
Saturday, October 5, 2024 6:36 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടർച്ചയായി ഇന്നു മുതൽ 20 വരെ സംസ്ഥാന വ്യാപക കാന്പയിൻ ’ജനദ്രോഹ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭം ’ കെപിസിസി ആരംഭിക്കുമെന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.
വലിയ ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ 1,494 മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1,500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തും. രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡിസിസികൾ തെരഞ്ഞെടുത്ത മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നു നടക്കും.
തിരുവനന്തപുരത്ത് നാളെയും കാസർഗോഡ് തിങ്കളാഴ്ചയും ജില്ലാതല ഉദ്ഘാടനം നടക്കും.
വയനാട് മാനന്തവാടി മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും കോഴിക്കോട് ഇലത്തൂർ ബ്ലോക്കിലെ എലഞ്ഞിക്കൽ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.