പോക്സോ കേസ്: നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Saturday, October 5, 2024 6:12 AM IST
കാസര്‍ഗോഡ്: മുകേഷടക്കം ഏഴു സിനിമാനടന്മാര്ക്കെതിരേ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച നടി പോക്സോ കേസില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണു മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. മൂന്നു തവണ കേസ് പരിഗണിച്ചിട്ടും പരാതിക്കാരിയോ ഇവരുടെ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇതുകൂടാതെ ഏതു പോലീസ് സ്റ്റേഷനിലാണു പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതെല്ലാം പരിഗണിച്ചാണു ഹര്‍ജി തള്ളിയത്.
നടിക്കെതിരേ ബന്ധുകൂടിയായ പെണ്‍കുട്ടി നല്കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയില്‍ എത്തിച്ച് പലര്‍ക്കും തന്നെ കാഴ്ചവച്ചുവെന്നാണ് ബന്ധുവായ പെണ്‍കുട്ടിയുടെ പരാതി.
നടി കാസര്‍ഗോഡ് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.