കാബിനില്‍ പുക; യാത്രക്കാരെ പുറത്തെത്തിച്ചു
Saturday, October 5, 2024 6:12 AM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 142 യാത്രക്കാരുമായി മസ്ക്കറ്റിലേക്ക് യാത്ര പുറപ്പെടാന്‍ തയാറെടുക്കവേ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിനുള്ളില്‍ പുക. തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. ഇന്നലെ രാവിലെ 10.25 ഓടുകൂടിയായിരുന്നു സംഭവം. വിമാനം രാവിലെ 8.35നു പുറപ്പെടേണ്ടതായിരുന്നു.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ 10.25 ഓടെ പുറപ്പെടാന്‍ തയാറായപ്പോഴാണ് യാത്രക്കാരുടെ കാബിനില്‍ പുക കണ്ടത്. യാത്രക്കാര്‍ ബഹളം വയ്ക്കുകയും വിമാന ജീവനക്കാര്‍ വിവരം പൈലറ്റിനെ അറിയിക്കുകയുമായിരുന്നു. പൈലറ്റ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോളില് വിവരം നല്കി.
തുടര്‍ന്ന് വിമാനത്താവളത്തിനുള്ളിലെ അഗ്നി രക്ഷാസേനയും ചാക്കയില്നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും എത്തുകയും പിന്നാലെ സിഐഎസ്എഫ് കമാന്‍ഡോകളും വിമാനത്താവള അധികൃതരും വിമാനകമ്പനി ജീവനക്കാരും ചേര്‍ന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കുകയും ചെയ്തു.